ന്യൂഡല്‍ഹി: ലഡാക്കിലെ അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യയുമായി സമവായത്തിലെത്തിയെന്ന് ചൈന. ഈ പ്രശ്‌നത്തില്‍ സൈനികതലത്തിലും നയതന്ത്രതലത്തിലും ഇരുരാജ്യങ്ങളും തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ടെന്നും ചൈനീസ് വക്താവ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളുടെയും സൈനികര്‍ അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചൈനയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു പ്രതികരണമുണ്ടാകുന്നത്. അതിര്‍ത്തി വിഷയത്തില്‍ സമവായത്തിലെത്തിയതായി ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു.

കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ് വര, പാംഗോങ് തടാകം എന്നിവിടങ്ങളില്‍ നിന്ന് ചൈനീസ് സേന മൂന്നു കിലോമീറ്റര്‍ വരെ പിന്‍വാങ്ങിയതായി സൈനികവൃത്തങ്ങള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സേനയും പിന്‍വാങ്ങുകയുണ്ടായി.