അവാർഡുകൾ എന്നും പ്രചോദനമാണെന്ന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ച കനി കുസൃതി. അധികം പുറത്തേക്ക് വന്നിട്ടില്ലാത്ത താരങ്ങളെ സമ്പന്ദിച്ച് ഇത്തരം അവാർഡുകളാണ് അവരെ മുന്നോട്ട് നയിക്കുന്നത്. അവാർഡുകളൊരിക്കലും കഴിവിന്റെ മാനദണ്ഡമല്ല. എല്ലാവർക്കും കഴിവുകളുണ്ട്, അതിൽ ഒരാളെ മാത്രം തെരഞ്ഞെടുക്കേണ്ടി വരുമ്പോഴാണ് ഒരാൾക്ക് മാത്രം അവാർഡ് ലഭിക്കുന്നതെന്നും കനി ട്വന്റിഫോറിനോട് പറഞ്ഞു.
മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചതിൽ സന്തോഷം അറിയിച്ച് സുരാജ് വെഞ്ഞറമ്മൂട്. അവാർഡ് വലിയൊരു ഉത്തരവാദിത്തമാണെന്നും ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നും സുരാജ് പറഞ്ഞു.
2019 ൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചു. സർക്കാർ അംഗീകാരം കൂടി കിട്ടിയപ്പോൾ സന്തോഷമായി. വികൃതിയും, ആൻഡ്രോയിഡ് കുഞ്ഞപ്പനും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു. എല്ലാവരും ഒരേ മനസോടെ നിന്നതുകൊണ്ടാണ് ചിത്രം ശ്രദ്ധിക്കപ്പെട്ടത്. നിറഞ്ഞ സദസിൽ സിനിമ കാണുന്ന ദിനം പ്രതീക്ഷിച്ച് ഇരിക്കുകയാണെന്നും സുരാജ് കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ പുരസ്കാരങ്ങൾ ലഭിച്ച എല്ലാവർക്കും ആശംസകൾ അറിയിച്ചു.
മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച നജീമും ട്വന്റിഫോറിനോട് സന്തോഷം പങ്കുവച്ചു. സംഗീത സംവിധായകൻ വില്യം ഫ്രാൻസിസുമൊത്ത് ഹൈറേഞ്ച് മേഖലയിൽ യാത്ര ചെയ്യുന്നതിനിടെയാണ് അവാർഡിനെ കുറിച്ച് അറിയുന്നത്. മുമ്പ് പല ഗാനങ്ങൾക്കും അവാർഡ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ലഭിക്കാതിരുന്നപ്പോൾ ചെറിയ സങ്കടം തോന്നിയിട്ടുണ്ട്. എന്നാൽ ഇത്തവണ തീരെ പ്രതീക്ഷിക്കാതെയാണ് അവാർഡ് ലഭിച്ചതെന്ന് നജീം ട്വന്റിഫോറിനോട് പറഞ്ഞു.