ലോക്ക് ഡൌൺ കാലഘട്ടത്തിലും കര്‍മ്മ നിരതരായുള്ള അപ്പസ്തോലിക് കാർമ്മൽ കോൺഗ്രിഗേഷൻ സഭാംഗങ്ങളുടെ സേവനം ആതുര ശുശ്രൂഷ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ആശ്വാസമാകുന്നു. ബെംഗളൂരു സെന്റ് ജോൺസ് ഹോസ്പിറ്റലിലേക്ക് ആവശ്യമായ പ്രൊട്ടക്റ്റീവ് ഗൗൺ തുന്നി കോവിഡിനെതിരെയുള്ള രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാവുകയാണ് ഇപ്പോള്‍ സന്യാസി സമൂഹം. ഇതിനോടകം എഴുപതോളം പ്രൊട്ടക്റ്റീവ് ഗൗൺ തയാറാക്കിയ അവർ നൂറെണ്ണം കൂടെ ഒരുക്കുവാനാണ് ലക്ഷ്യമിടുന്നത്.
ഇതിനു പുറമെ സന്യാസിനി സമൂഹത്തിന്റെ രാജ്യത്തെ വിവിധ മഠങ്ങൾ വഴിയായി തെരുവിൽ കഴിയുന്നവർക്കായി ഭക്ഷ്യ വസ്തുക്കള്‍, മാസ്ക്, സാനിറ്റൈസർ എന്നിവയും വിതരണം ചെയ്യുന്നുണ്ട്. മുംബൈയിലെ ബാന്ദ്ര, ഗുജറാത്തിലെ മെഹ്സാന, കോഴിക്കോട് എന്നിവിടങ്ങളിൽ മാസ്കുകൾ നിർമിച്ചു ഗ്രാമവാസികൾക്കും യാത്രക്കാർക്കും സൗജന്യമായി വിതരണം ചെയ്തിരിന്നു. പാറ്റ്നയിൽ രണ്ടുമാസത്തേയ്ക്കു ആവശ്യമായ റേഷനും സാനിറ്റിസറും നൽകി ട്രാൻസ്ജൻഡർ വിഭാഗത്തിനു നേരെയും സന്യാസ സമൂഹം സഹായ കരം നീട്ടിയിരിന്നു.