തിരുവനന്തപുരം: ആധാര്‍ എടുക്കാത്തത് കാരണം സാമൂഹികസുരക്ഷാ പെന്ഷന് പട്ടികയില്‍ നിന്ന് പുറത്തായ ഗുണഭോക്താക്കള്‍ക്ക് വീണ്ടും അവസരം നല്കാന് സര്‍ക്കാര്‍. പല കാരണങ്ങളാല്‍ ആധാര്‍ എടുക്കാന്‍ കഴിയാത്ത അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പെന്ഷന് അനുവദിക്കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
ഗുണഭോക്താവിന് ആധാര്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അക്ഷയയില്‍നിന്ന് ഒരു മാസത്തിനുള്ളില്‍ ലഭിച്ച രേഖ ഉള്‍പ്പെടെ സമര്‍പ്പിക്കാനാണ് നിര്‍ദേശം. കൂടാതെ ഗുണഭോക്താവ് മറ്റ് പെന്‍ഷനുകള്‍ വാങ്ങുന്നില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം സാമൂഹിക സുരക്ഷാ പെന്ഷന് അപേക്ഷയോടൊപ്പം തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് സമര്‍പ്പിക്കണം.
ഗുണഭോക്താവ് ആധാര്‍ എടുക്കാത്ത വ്യക്തിയാണെന്ന് തദ്ദേശ സെക്രട്ടറിക്ക് ഉത്തമബോധ്യം ഉണ്ടാകണം. സേവനയില്‍ ആധാര്‍ എടുക്കാന്‍ കഴിയാത്ത വ്യക്തിയെന്ന് അടയാളപ്പെടുത്തണം. തുടര്‍ന്ന് ഗുണഭോക്താവിെന്റ റേഷന്‍ കാര്‍ഡ് നമ്ബര്‍ സേവനയില്‍ ഉള്‍പ്പെടുത്തണം.
മാനസികരോഗം ഉള്ളവര്‍, ഒാട്ടിസം ബാധിച്ചവര്‍ എന്നിവരില്‍ രോഗാധിക്യം കാരണം ആധാര്‍ എന്റോള്‍മെന്റ് ഏജന്‍സിയില്‍ എത്താന്‍ കഴിയാത്തതിനാല്‍ ആധാര്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് ഇളവ് അനുവദിച്ചു. ഇൗ വിഭാഗത്തിലുള്ളവര്‍ക്ക് ആധാര്‍ ഇല്ലാതെ തന്നെ പെന്ഷന് അനുവദിക്കും. ആധാറിന് പകരം പെന്ഷന് അപേക്ഷകര്‍ മാനസികരോഗിയോ ഒാട്ടിസം ബാധിച്ച വ്യക്തിയോ ആണെന്ന് സാക്ഷ്യപ്പെടുത്തുന്ന മെഡിക്കല്‍ ബോര്‍ഡിെന്റ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം.