ഇംഗ്ലണ്ട് പര്യേടനത്തിനുള്ള ടീമിലുണ്ടായിരുന്ന മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ് എന്നിവര്‍ ഉള്‍പ്പടെ ഏഴ് പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പി.സി.ബി നടത്തിയ പരിശോധനകളില്‍ കോവിഡ് സ്ഥിരീകരിച്ച പാക് താരങ്ങളുടെ എണ്ണം പത്തായി.

കാഷിഫ് ഭാട്ടി, മുഹമ്മദ് ഹസ്‌നെയ്ന്‍, ഫഖര്‍ സമന്‍, മുഹമ്മദ് റിസ്വാന്‍, ഇമ്രാന്‍ ഖാന്‍, ഹഫീസ്, റിയാസ് എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ശദാബ് ഖാനും ഹെയ്ദര്‍ അലിക്കും ഹാരിസ് റൗഫിനും തിങ്കളാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. പാക് ടീമിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫായ മാലങ്ക് അലിക്കും കോവിഡ് സ്ഥിരീകരിച്ചതായി പി.സി.ബി അറിയിച്ചു.

ഇംഗ്ലണ്ട് പര്യേടനത്തിന് മുന്നോടിയായി ജൂണ്‍ 25ന് ഒരു റൗണ്ട് പരിശോധനകള്‍ കൂടി നടക്കും. ജൂണ്‍ 28നാണ് പാക് ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യേടനത്തിനായി പുറപ്പെടുക. ഇംഗ്ലണ്ടിലെത്തിയ ശേഷവും കോവിഡ് പരിശോധന നടക്കുമെന്ന് പി.സി.ബി അറിയിച്ചു.