ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് കപ്പില്‍ മാഞ്ചസ്റ്ററിലെ അന്താരാഷ്ട്ര ക്ലബ്ബുകള്‍ രണ്ടും ക്വാര്‍ട്ടറില്‍ കടന്നു. മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് പുറകേ മാഞ്ചസ്റ്റര്‍ യൂണൈറ്റഡും ക്വാര്‍ട്ടറില്‍ കടന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബ്രൈറ്റണെയും സിറ്റി അതേ ഗോള്‍വ്യത്യാസത്തില്‍ ബേണ്‍ലിയേയുമാണ് തകര്‍ത്തത്. എവര്‍ട്ടണ്‍ 4-1ന് വെസ്‌ററ് ഹാമിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കടന്നിരിക്കുകയാണ്. ഇന്നലെ ന്യൂകാസില്‍ 5-4ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ന്യൂപോര്‍ട്ട് കൗണ്ടിയെ തോല്‍പ്പിച്ചിരുന്നു.

മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനായി സ്‌കോട്ട് മാക്ടോമിനെ 44-ാം മിനിറ്റിലും ജുവാന്‍ മാറ്റ 73-ാം മിനിറ്റിലും പോള്‍ പോഗ്ബാ 80-ാം മിനിറ്റിലുമാണ് ഗോള്‍ നേടിയത്. ഇന്നലെ നടന്ന മത്സരത്തില്‍ സിറ്റിയ്ക്കുവേണ്ടി റഹീം സ്‌റ്റേര്‍ലിംഗ് ഇരട്ട ഗോളുകളും(35,49) ഫെറാന്‍ ടോറസ്സും(65) ഗോളുകള്‍ നേടി.

എവര്‍ട്ടണ്‍-വെസ്റ്റ് ഹാം മത്സരത്തില്‍ ഡോമിനിക് ലെവിന്റെ ഹാട്രിക്കാണ് ഗംഭീരജയം നീലപ്പടയ്ക്ക് സമ്മാനിച്ചത്. എവര്‍ട്ടണിനായി
ലെവിന്‍ 11, 78, 84 മിനിറ്റുകളിലാണ് ഗോളുകള്‍ നേടിയത്. വെസ്റ്റ് ഹാമിനായി റോബര്‍ട്ട് സ്‌നോഡ്ഗ്രാസ്സ് 46-ാം മിനിറ്റില്‍ 1-1ന് സമനില പിടിച്ചെങ്കിലും പിന്നീട് എവര്‍ട്ടണ്‍ മുന്നേറി. എവര്‍ട്ടണിനായി റിച്ചാര്‍ലിസണാണ് 56-ാം മിനിറ്റില്‍ നാലാം ഗോളടിച്ചത്.

നേരത്തെ ചെല്‍സിയെ ഞെട്ടിച്ച് ടോട്ടനം ക്വാര്‍ട്ടറില്‍ കടന്നിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങളില്‍ ഫുള്‍ഹാം ബ്രെന്റ് ഫോഡിനേയും ആസ്റ്റണ്‍ വില്ല സ്‌റ്റോക്ക് സിറ്റിയേയും ലിവര്‍പൂള്‍ ആഴ്‌സണലിനേയും നേരിടും.