കൊല്ലം: ഉത്ര വധക്കേസിലെ പ്രതികളായ സൂരജിന്റെയും, സുരേഷിന്റെയും കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് നീട്ടി. പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിക്കൊണ്ട് ഉത്തരവിറക്കിയത്. കേസുമായി ബന്ധപ്പെട്ട് പരമാവധി തെളിവുകള്‍ കോടതിയില്‍ ഹാജരാകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നും പോലീസ് കോടതിയില്‍ അറിയിച്ചു. പാമ്ബിന്റെ പോസ്റ്റുമോര്‍ട്ടം അടക്കം നടത്തി പരമാവധി ശാസ്ത്രീയ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുകയാണ് പോലീസിന്റെ ലക്ഷ്യം. ജൂണ്‍ നാലാം തീയതി വൈകീട്ട് മൂന്ന് മണിക്ക് മുമ്ബായി പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കണം. ഉത്രയെ പാമ്ബ് കടിച്ച മുറിയില്‍ നിന്നും ഫോറന്‍സിക് വിദഗ്ദര്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ സൂരജ് കുറ്റസമ്മതം നടത്തിയതായും പോലീസ് അറിയിച്ചു. പ്രതികളുടെ മൊഴികള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.