തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എംഎം മണി. കേരളത്തിലേക്ക് വരുന്ന എല്ലാവര്‍ക്കും വിമാനത്തിനുള്ളില്‍ നിന്ന് കോവിഡ് ബാധിച്ചാലും കുഴപ്പമില്ല, എങ്ങനെയും രോഗവ്യാപനം വര്‍ദ്ധിപ്പിച്ച്‌ രാഷ്ട്രീയ നേട്ടം ഉണ്ടാക്കണം എന്ന ദുഷ്ടലാക്കുമായി നടക്കുന്ന ബിജെപി, യുഡിഎഫ് നേതാക്കള്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ മനസ്സിലാകില്ലെന്നു മാത്രമല്ല അവര്‍ കുത്തിത്തിരിപ്പും നിലപാട് മാറ്റവും തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

വിദേശത്തു നിന്ന് നാട്ടിലേക്ക് വരാന്‍ താല്പര്യപ്പെടുന്ന നമ്മുടെ എല്ലാ സഹോദരങ്ങളെയും, കോവിഡ് ബാധിതര്‍ ഉണ്ടെങ്കില്‍ അവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുകയും രോഗബാധിതര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കുകയും ചെയ്യുക എന്നതാണ് കേരള സര്‍ക്കാരിന്റെ സമീപനം. വിമാനത്തില്‍ ഒരു കോവിഡ് ബാധിതന്‍ ഉണ്ടെങ്കില്‍ത്തന്നെ മറ്റു യാത്രക്കാരിലേക്കും കൂടി രോഗവ്യാപനം ഉണ്ടാകും എന്ന വസ്തുത എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇത്തരത്തില്‍ സംഭവിക്കാവുന്ന രോഗവ്യാപനം ഒഴിവാക്കി എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് യാത്രക്ക് മുമ്ബ് കോവിഡ് പരിശോധന നടത്തി രോഗം ഉള്ളവരെയും ഇല്ലാത്തവരെയും പ്രത്യേകം വിമാനങ്ങളില്‍ കൊണ്ടുവരണമെന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചത്.

എന്നാല്‍, സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികളെയും എതിര്‍ക്കുക എന്ന അജണ്ടയുമായി അവസരത്തിനൊത്ത് നിലപാട് മാറ്റിക്കൊണ്ടിരിക്കുന്ന കേന്ദ്രമന്ത്രിയും, ബിജെപി, യുഡിഎഫ് നേതാക്കന്മാരും പതിവുപോലെ ഇക്കാര്യത്തിലും അവര്‍ നേരത്ത സ്വീകരിച്ചിരുന്ന നിലപാടില്‍ മാറ്റം വരുത്തി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വന്നു. കോവിഡ് ബാധിതരെയും അല്ലാത്തവരെയും വിമാനത്തില്‍ ഒരുമിച്ചിരുത്തിത്തന്നെ കൊണ്ടുവരണം എന്നാണ് ഇവര്‍ അവശ്യപ്പെടുന്നത്. ഇങ്ങനെ കൊണ്ടുവന്നാല്‍ ഉണ്ടാകാവുന്ന രോഗവ്യാപനത്തിന്റെ അപകടം ജനങ്ങളുടെ സുരക്ഷയും നന്മയും ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും മനസ്സിലാകും. അതിനാല്‍ത്തന്നെ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കുകയും ചെയ്യും.

മറിച്ച്‌, കേരളത്തിലേക്ക് വരുന്ന എല്ലാവര്‍ക്കും വിമാനത്തിനുള്ളില്‍ നിന്ന് കോവിഡ് ബാധിച്ചാലും കുഴപ്പമില്ല, എങ്ങനെയും രോഗവ്യാപനം വര്‍ദ്ധിപ്പിച്ച്‌ രാഷ്ട്രീയ നേട്ടം ഉണ്ടാക്കണം എന്ന ദുഷ്ടലാക്കുമായി നടക്കുന്ന ബിജെപി, യുഡിഎഫ് നേതാക്കള്‍ക്ക് ഇതൊന്നും മനസ്സിലാകില്ലെന്നു മാത്രമല്ല അവര്‍ കുത്തിത്തിരിപ്പും നിലപാട് മാറ്റവും തുടര്‍ന്നുകൊണ്ടേയിരിക്കും.