മി​നെപോളിസ്​: ‘എനിക്ക്​ ശ്വാസം മുട്ടുന്നു’ വെളുത്ത വര്‍ഗക്കാരനായ പൊലീസുകാര​​ന്റെ ക്രൂരതക്കിരയായി കൊല്ലപ്പെട്ട ജോര്‍ജ്​ ​ഫ്ലോയി​ഡി​​ന്റെ അവസാന വാക്കുകള്‍ മിനിയോപോളിസ്​ തെരുവുകളില്‍ മുഴങ്ങുന്നു. രാവും പകലും മിനെപോളിസ്​ തെരുവുകള്‍ ‘എനിക്ക്​ ശ്വാസം മുട്ടുന്നു’ മുദ്രാവാക്യങ്ങളോടെ പ്രക്ഷുബ്​ധമായി. മിനെപോളിസ്​ പൊലീസ്​ സ്​റ്റേഷന്‍ പ്രതിഷേധക്കാര്‍ അഗ്​നിക്കിരയാക്കി. കൂടാതെ നിരവധി കടകളും പ്രതിഷേധാഗ്​നിക്കിരയായി. അമേരിക്കയില്‍ പതിറ്റാണ്ടുകളായി തുടരുന്ന കറുത്തവര്‍ഗക്കാര്‍ക്ക്​ നേരെയുള്ള അതിക്രമങ്ങള്‍ക്ക്​ താക്കീത്​ നല്‍കുന്ന രീതിയിലാണ് പ്രതിഷേധം.

അതേസമയം അക്രമികള്‍ക്കെതിരെ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ രംഗത്തെത്തി. തീവെപ്പും കൊള്ളയും നടത്തുവര്‍ ആരായാലും അവര്‍ അക്രമികളാണെന്നും പ്രതിഷേധക്കാ​രല്ലെന്നുമാണ്​ ട്രംപ്​ ട്വീറ്റ്​ ചെയ്​തത്​. അക്രമം നടത്തുന്നത്​ ജോര്‍ജ്​ ​ഫ്ലോയി​ഡിനോടുള്ള അനാദരവാണ്​. ഇത്​ തുടരാന്‍ അനുവദിക്കില്ല. അക്രമവും കൊള്ളയും നടന്നാല്‍ സൈന്യത്തെ ഇറക്കണമെന്ന്​ മേയര്‍ ടിം വാല്‍സിന്​ നിര്‍ദേശം നല്‍കുകയും ചെയ്​തു -ട്രംപ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം ട്രംപി​​ന്റെ ട്വീറ്റ് പ്രതി​ഷേധക്കാരെ മഹത്വവല്‍ക്കരിക്കുന്നതാണെന്ന്​ കാട്ടി ട്വിറ്റര്‍ നീക്കം​ ചെയ്​തു.

മറ്റൊരു ട്വീറ്റില്‍ മിനെപോളിസ്​ മേയര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. നേതൃത്വത്തിന്‍റെ കഴിവില്ലായ്​മയാണ്​ മിനെപോളിസില്‍ പ്രതിഷേധം പടരാന്‍ കാരണമെന്ന്​ ട്രംപ്​ കുറ്റപ്പെടുത്തി. ഇടതുപക്ഷക്കാരനായ മേയര്‍ ജേക്കബ് ഫെറി ദുര്‍ബലനായതുകൊണ്ടാണ് അക്രമികള്‍ നഗരത്തില്‍ അഴിഞ്ഞാടുന്നത്. മേയര്‍ക്ക് തന്‍റെ ജോലി ചെയ്യാന്‍ കഴിയില്ലെങ്കില്‍, താന്‍ ദേശീയ സേനയെ അയക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്‍തു.

തുടര്‍ച്ചയായ മൂന്നാമത്തെ ദിവസമാണ്​ ജോര്‍ജ്​ ഫ്ലോയിഡി​​െന്‍റ മരണത്തില്‍ പ്രതിഷേധം കനക്കുന്നത്​. തിങ്കളാഴ്​ചയാണ്​ മിനെ​പോളിസ്​ ​സ്​റ്റേഷനിലെ പൊലീസുകാരനായ ഡെറിക്​ ചൗലിന്‍, ജോര്‍ജ്​ ​േഫ്ലായിഡിനെ നടുറോഡില്‍ കഴുത്തില്‍ കാല്‍മുട്ട്​ അമര്‍ത്തി ഞെരിച്ചു കൊല്ലുന്നത്​. സംഭവത്തില്‍ നാല്​ പൊലീസുകാരെ പിരിച്ചുവിട്ടിരുന്നു. പൊലീസ്​ ആളുമാറി പിടിച്ച നിരായുധനായ ജോര്‍ജ്​ ​േഫ്ലായിഡിനെ കൊലപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

പൊലിസ്​ പിടികൂടിയ ഫ്ലോയിഡിനെ കാറില്‍നിന്നിറക്കി കഴുത്തില്‍ കാല്‍മുട്ട്​ ഊന്നിനിന്ന്​ ശ്വാസം മുട്ടിച്ച്‌​ കൊലപ്പെടുത്തുകയായിരുന്നു. വേദനയെടുക്കു​ന്നുവെന്നും ശ്വാസം മുട്ടു​ന്നുന്നെന്നും വെള്ളം വേണമെന്നും കര​ഞ്ഞപേക്ഷിച്ചിട്ടും അഞ്ചുമിനി​ട്ടോളം പൊലീസ്​ ഫ്ലോയിഡി​​െന്‍റ കഴുത്തില്‍ കാല്‍മുട്ട്​ അമര്‍ത്തിനിന്നു. റസ്​റ്ററന്‍റിലെ സെക്യൂരിറ്റി ജീവനക്കായിരുന്നു ഫ്ലോയിഡ്​. കറുത്ത വര്‍ഗക്കാര്‍ക്ക്​ നേരെയുള്ള വെളുത്ത വര്‍ഗക്കാരുടെ അതിക്രമത്തി​​ന്റെ അവസാന ഇര.