കഴിഞ്ഞ കുറച്ചു നാളുകളായി ഫുട്ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ചകളിലൊന്ന് ഇതിഹാസ താരം ലയണല്‍ മെസിയും ക്ലബ്ബ് ബാഴ്സലോണയും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മ. കവിഞ്ഞ ദിവസം സഹതാരം ലുയി സുവാരസിനെ പുറത്താക്കിയപ്പോഴും ക്ലബ്ബിനെതിരെ മെസി ആഞ്ഞടിച്ചിരുന്നു. എന്നാല്‍ പ്രശ്നങ്ങളെല്ലാം അവസാനിപ്പിച്ച്‌ ഒന്നിച്ച പ്രവര്‍ത്തിക്കാനായുള്ള സമയമായെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മെസി.
“നിരവധി അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ശേഷം, ഇതെല്ലാം അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ ബാഴ്‌സലോണ ആരാധകരായി ഒന്നിക്കുകയും മികച്ചത് ഇനിയും വരാനിരിക്കുന്നതായി വിശ്വസിക്കുകയും വേണം,” മെസി ഒരു ദിനപത്രത്തോട് പറഞ്ഞു.

കഴിഞ്ഞ കുറച്ച്‌ നാളുകളായി ബാഴ്സലോണയില്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍, തീരുമാനങ്ങളില്‍ ഒട്ടും സംതൃപ്തനല്ല മെസി. അസ്വാരസ്യങ്ങള്‍ ന്യൂക്യാമ്ബില്‍ വ്യക്തമായിരുന്നെങ്കിലും പലപ്പോഴും മാധ്യമങ്ങള്‍ക്ക് മുന്നിലേക്കോ, ആരാധകര്‍ക്ക് മുന്നിലേക്കോ അത് എത്തിയിരുന്നില്ല. എന്നാല്‍ ചാംപ്യന്‍സ് ലീഗിലെ ബയേണ മ്യൂണിക്കിനെതിരായ ഞെട്ടിക്കുന്ന തോല്‍വിയോടെ അതും സംഭവിച്ചു. മെസിയുള്‍പ്പടെ ലോകത്തെ ഏറ്റവും മികച്ച താരങ്ങള്‍ അണിനിരന്ന ബാഴ്സയെ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്കാണ് ജര്‍മ്മന്‍ വമ്ബന്മാര്‍ വീഴ്ത്തിയത്.

ഇതോടെ ക്ലബ്ബിനെതിരെ മെസിക്ക് രംഗത്തെത്തേണ്ടി വന്നു. സ്വരം നന്നായിരിക്കുമ്ബോള്‍ തന്നെ പാട്ട് നിര്‍ത്തണമെന്ന മലയാളം പഴഞ്ചൊല്ല് ശരിവയ്ക്കുന്ന തരത്തില്‍ ക്ലബ്ബ് വിടുകയെന്ന തീരുമാനത്തില്‍ മെസിയെത്തി. ബാഴ്സലോണയില്‍ മെസിയാണോ വളര്‍ന്നത് അതോ മെസിയിലൂടെ ബാഴ്സയോണോ വളര്‍ന്നതെന്ന ചോദ്യം ബാക്കിനില്‍ക്കെയാണ് കരാര്‍ പൂര്‍ത്തിയാകുന്നതുവരെ ക്ലബ്ബില്‍ തുടരാനുള്ള മെസിയുടെ തീരുമാനം.

ബാഴ്സലോണയില്‍ നിന്ന് ലൂയി സുവാരസ് പുറത്തുപോവുന്നതിനെക്കുറിച്ച്‌ വൈകാരികമായ കുറിപ്പുമായി സൂപ്പര്‍താരം ലയണല്‍ മെസി എത്തിയത്. സഹ താരത്തിന്റെ പുറത്തുപോക്കിലേക്ക് നയിച്ച കാരണങ്ങളില്‍ എഫ്സി ബാഴ്സലോണ മാനേജ്മെന്റിനോടുള്ള തന്റെ അമര്‍ഷവും മെസി വ്യക്തമാക്കി.

“മറ്റൊരു ജഴ്സിയില്‍ നിന്നെ കാണുന്നതും നിന്നെ അഭിമുഖീകരിക്കുന്നതും എനിക്ക് വിചിത്രമായി തോന്നും. ക്ലബ്ബിനു വേണ്ടിയും കളിക്കാരനെന്ന നിലയിലും ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയ, ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന താരങ്ങളിലൊരാളായ നിനക്ക് അര്‍ഹമായ യാത്ര അയപ്പല്ല ലഭിച്ചത്. അവര്‍ ചെയ്തതു പോലെ നീ വലിച്ചെറിയപ്പെടേണ്ടവനായിരുന്നില്ല. എന്നാല്‍ അതില്‍ ഇപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നും തന്നെയില്ല എന്നതാണ് സത്യം,” മെസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.