തിരുവനന്തപുരം: പതിറ്റാണ്ടുകള്‍ പിന്നിടുന്ന ഓര്‍ത്ത്ഡോക്സ് യാക്കോബായ സഭാതര്‍ക്കം പരിഹരിക്കാന്‍ നിര്‍ണ്ണായക നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചര്‍ച്ച സൗഹാര്‍ദപരമെന്ന് യാക്കോബായ സഭ പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും യാക്കോബായ വിഭാഗം പ്രതികരിച്ചു. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇടപെടല്‍ ശ്ലാഘനീയമെന്നും യാക്കോബായ സഭ.
ഇന്ന് നടത്തിയ രണ്ടാം ഘട്ട ചര്‍ച്ചയിലാണ് തീരുമാനം. സംയുക്ത ചര്‍ച്ചയെ ഇരുവിഭാഗവും തുറന്ന മനസ്സോടെയാണ് സ്വീകരിച്ചത്. പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി നടത്തുന്നത് ആത്മാര്‍ത്ഥമായ ശ്രമങ്ങളാണെന്ന് ചര്‍ച്ചക്ക് ശേഷം യാക്കോബായ സഭ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഇപ്പോള്‍ ഊന്നല്‍.
മുഖ്യമന്ത്രിയുടെ ഓഫീസ് അടുത്തഘട്ട ചര്‍ച്ചയുടെ തിയതി തീരുമാനിക്കും. ചര്‍ച്ചയോട് സഹകരിക്കുമെന്നും കോടതി വിധി അനുസരിച്ചുള്ള സഭാ ഐക്യമാണ് പ്രതീക്ഷിക്കുന്നതെന്നും ഓര്‍ത്തഡോക്സ് സഭ പറഞ്ഞു. കോടതി വിധിയുടേയും സഭാ ഭരണഘടനയുടെയും ചട്ടക്കൂടിന് ഉള്ളില്‍ നിന്നുകൊണ്ടുള്ള പ്രശ്ന പരിഹാരമാണ് വേണ്ടതെന്ന് ഓര്‍ത്തഡോക്സ് സഭ നിലപാട് ആവര്‍ത്തിച്ചു. ചര്‍ച്ചകള്‍ ഏത് ചട്ടക്കൂടില്‍ നടത്തണം എന്നത് സംബന്ധിച്ച് ഇന്ന് ചര്‍ച്ച നടന്നതായും ഓര്‍ത്തഡോക്സ് പ്രതിനിധികള്‍ പറഞ്ഞു. സഭാ തര്‍ക്കത്തില്‍ സംഘര്‍ഷം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ഇരുവിഭാഗങ്ങളെയും അറിയിച്ചു.
വര്‍ഷങ്ങളായി തുടരുന്ന സഭാ തര്‍ക്കം വലിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിനുള്ള സര്‍ക്കാര്‍ ഇടപെടല്‍. മന്ത്രിതല സമിതിയെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.