കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെ കൂടുതല്‍ പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് ആശങ്ക. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം നിയന്ത്രിക്കുന്നതിനടക്കം ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മീഷണറുടെ സമ്പര്‍ക്ക പട്ടികയില്‍ മന്ത്രിമാരടക്കമുള്ളവരുണ്ട്. ഗണ്മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും നിരീക്ഷണത്തില്‍ പോയി.
കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍, സിറ്റി പൊലീസ് കമ്മീഷണറുടെ ഗണ്മാന്, തുമ്പ സ്റ്റേഷനിലെ ആറ് പൊലീസുകാര്‍ എന്നിവര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രി കെ. ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് കഴിഞ്ഞ ഒന്‍പത് ദിവസങ്ങളിലായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന സമരങ്ങള്‍ നിയന്ത്രിക്കുന്നതിന് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കും ചുമതലയുണ്ടായിരുന്നു. ഇത് സമ്പര്‍ക്ക പട്ടിക സങ്കീര്‍ണമാക്കിയിട്ടുണ്ട്.
ഇന്ന് മുഖ്യമന്ത്രിയും, മന്ത്രി കടകംപള്ളി സുരേന്ദ്രനും മറ്റു ജനപ്രതിനിധികളും പങ്കെടുത്ത പരിപാടിയില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ എംഎല്‍എമാരായ
ഷാഫി പറമ്പില്‍, കെ. എസ്. ശബരിനാഥന് എന്നിവരുടെ നേതൃത്വത്തിലുള്ള യൂത്ത് കോണ്‍ഗ്രസ് സമരം നിയന്ത്രിച്ചതും അസിസ്റ്റന്റ്് കമ്മീഷണറായിരുന്നു. ഇതിന് പുറമെ തുമ്പയില്‍ രോഗം സ്ഥിരീകരിച്ച നാല് പൊലീസുകാര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമര ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.
ഗണ്മാന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിക്കാണ് താത്കാലിക ചുമതല. പേരൂര്‍ക്കട എസ്എപി ക്യാമ്പിലും ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ സമരങ്ങളിലെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് നിയമനടപടി കര്‍ശനമാക്കാനാണ് പൊലീസ് തീരുമാനം. സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങളില്‍ 25 കേസുകളിലായി 3000 പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്.