കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടി ലക്ഷ്മി പ്രമോദ് ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ ഹാജരായി. എന്നാല്‍ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘം തയ്യാറായില്ല. നടിയുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം.
ലക്ഷ്മി പ്രമോദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധിയില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യാമെന്നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി. ഇത് പ്രാകാരം ഇന്നലെ നടി കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. ഇന്ന് വീണ്ടും എത്തിയെങ്കിലും ഇന്നും ചോദ്യം ചെയ്യലിന് അന്വേഷണ സംഘം തയ്യാറായില്ല.
നടിയുടെ ജാമ്യാപേക്ഷക്കെതിരെ ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ വിധി ഉണ്ടായ ശേഷം ചോദ്യം ചെയ്യല്‍ മതി എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അതേസമയം രണ്ട് തവണ ഹാജരായിട്ടും നടിയെ അന്വേഷണ സംഘം ചോദ്യം ചെയ്യ്തില്ലെന്ന് കാണിച്ച് നടിയുടെ അഭിഭാഷകന് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയ സമീപിച്ചു.