കോട്ടയം: ലോകം കൊറോണ വൈറസ് ബാധയില്‍ അമരുമ്പോള്‍ രാജ്യത്തെ ഐ.ടി മേഖല വന്‍ പ്രതിസന്ധിയിലേക്ക്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രോജക്ടുകളുടെ വരവ് കുറഞ്ഞതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. അമേരിക്കയില്‍ നിന്നടക്കമുള്ള നിരവധി പ്രോജക്ടുകളാണ് ഐ.ടി കമ്പനികളിലേക്ക് എത്തിയിരുന്നത്. എന്നാല്‍ കൊറോണ ലോകത്ത് വ്യാപിച്ചതോടെ പദ്ധതികളെല്ലാം തകിടം മറിഞ്ഞു.
പ്രോജക്ടകളുടെ പ്രവര്‍ത്തനം നടന്നുവന്നിരുന്നവയില്‍ പലതും പാതിവഴിയില്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. കൊറോണ പ്രതിസന്ധി മാറിയ ശേഷം തുടങ്ങിയാല്‍ മതിയെന്നാണ് ഐ.ടി കമ്പനികള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. കമ്ബനികള്‍ നഷ്ടത്തിലായതോടെ ജീവനക്കാരെ പിരിച്ച് വിടുന്ന നടപടികളിലേക്കും കടന്നിട്ടുണ്ട്. ഈ ജോലിയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന പലരുടെയും ജീവിതം ഇതോടെ താളം തെറ്റിയിരിക്കുകയാണ്.
19,100 കോടി (14.35 ലക്ഷം കോടി) രൂപ വരുന്നതാണ് രാജ്യത്തെ ഐ.ടി മേഖല. 40 ലക്ഷം പേരാണ് ഇന്ത്യയില്‍ ആകെ ഐ.ടി രംഗത്തുള്ളത്. കേരളത്തില്‍ 1.3 ലക്ഷം പേര്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നുണ്ട്. കൊറോണയെ തുടര്‍ന്ന് 90 ശതമാനം ജീവനക്കാരും വീടുകളില്‍ നിന്നാണ് ജോലി ചെയ്യുന്നത്. കൊറോണ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നതിനാല്‍ നാല്‍പ്പത് ശതമാനത്തോളം ജീവനക്കാരെ കുറയ്ക്കാനാണ് സാധ്യതയെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ 63,000 പേരും കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ 45,000 പേരും, കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 600 പേരുമാണ് നിലവില്‍ തൊഴില്‍ ചെയ്യുന്നത്. ഓരോ വര്‍ഷവും ക്യാമ്പസ്സ് ഇന്റര്‍വ്യു വഴിയാണ് ഐ.ടി മേഖലയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലാണ് ഇത് നടക്കുന്നത്. ഇങ്ങനെ പ്ലെയ്‌സ്‌മെന്റ് ലഭിച്ചവര്‍ അതാത് കമ്പനികളിലേക്ക് എത്തേണ്ടത് ജൂണ്‍ മുതലാണ്. പുതിയ ആളുകള്‍ ജോലിക്ക് കയറേണ്ട സമയത്ത് നിലവിലുള്ളവരെ കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധി മൂലം പിരിച്ച് വിട്ടുകൊണ്ടിരിക്കുകയാണ്.