ന്യൂഡല്‍ഹി: കൊവിഡിനെ പ്രതിരോധിക്കാന്‍ പരമ്ബരാഗത രീതിയില്‍ നാല് മരുന്നുകള്‍ വികസിപ്പിച്ചുവെന്നും ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷണം നടത്തുമെന്നും കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ നായിക്. ആയുര്‍വേദ, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ അഞ്ച് ആരോഗ്യമേഖലകളെ സംയോജിപ്പിക്കുന്ന മന്ത്രാലയമാണ് ആയുഷ്. ദി കൗണ്‍സില്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌(സിഎസ്‌ഐആര്‍)ന്റെ സഹകരണത്തോടെയാണ് ആയുഷ് മന്ത്രാലയം മരുന്ന് പരീക്ഷണം നടത്തുന്നത്. കൊവിഡിനെതിരേ മരുന്നുകള്‍ ഫലപ്രദമായിരിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും നമ്മുടെ പാരമ്ബര്യമരുന്നുകള്‍ക്ക് കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ടെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

Shripad Y. Naik

@shripadynaik

The @moayush & the @CSIR_IND are working together on validating four Ayush formulations against and the trials will start within one week. These formulations will be tried as an add-on therapy and standard care for COVID-19 patients.

98 people are talking about this

ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ നാലു വൈദ്യശാഖകളിലെ മരുന്നുകള്‍ ഉപയോഗിച്ച്‌ കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് മന്ത്രാലയം. കൊവിഡ് രോഗികളില്‍ ഈ മരുന്ന് ആശ്വാസമായി പ്രവര്‍ത്തിക്കുമെന്നും രോഗികള്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട പരിചരണത്തിന് ഇത് വഴിയൊരുക്കുമെന്നും മന്ത്രി ട്വീറ്റില്‍ വ്യക്തമാക്കി. മരുന്നുപരീക്ഷണത്തിന്റെ ഫലം മൂന്നുമാസത്തിനുള്ളില്‍ ലഭിക്കുമെന്ന് സിഎസ്‌ഐആര്‍ ഡയറക്ടര്‍ ജനറല്‍ ശേഖര്‍ മാണ്ഡെ, ആയുര്‍വേദ, ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കോട്ടേഷ എന്നിവര്‍ പ്രതികരിച്ചു. കൊവിഡിനെ പ്രതിരോധിക്കുന്നതിന് സിഎസ്‌ഐആറും ആയുഷും ഒരുമിച്ച്‌ നാല് വ്യത്യസ്ത ഫോര്‍മുലേഷനുകളില്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നുവെന്നും മാണ്ഡെ പറഞ്ഞു.

ആയുഷ്- സിഎസ്‌ഐആര്‍ സഹകരണത്തിന് വലിയ കാഴ്ചപ്പാടുണ്ടെന്ന് വൈദ്യ രാജേഷ് ചൂണ്ടിക്കാട്ടി. ഇത് ജീവിതത്തിലൊരിക്കല്‍ ലഭിച്ച അവസരമാണ്. ഇത്തരത്തിലുള്ള പഠനം നമ്മുടെ രാജ്യത്ത് ഒരിക്കലും നടന്നിട്ടില്ല. ഹൈഡ്രോക്‌സിക്ലോറോക്വിനും അശ്വഗന്ധയും തമ്മിലുള്ള മല്‍സരപരമായ പഠനവും ഞങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ക്ലിനിക്കല്‍ പഠനമാണിത്. ഉദാഹരണത്തിന്, ഈ ക്ലിനിക്കല്‍ പഠനം പ്രോട്ടോക്കോളിലുള്ളതാണ്. ഞങ്ങള്‍ ടാസ്‌ക്‌ഫോഴ്സ് രൂപീകരിച്ച്‌ മരുന്ന് പരീക്ഷണത്തിനായി മാര്‍ഗനിര്‍ദേശം തയ്യാറാക്കിയിട്ടുണ്ട്. മെഡിക്കല്‍ മേഖലയില്‍നിന്നും സിഎസ്‌ഐആറില്‍നിന്നും മറ്റുള്ള മേഖലയില്‍നിന്നുമുള്ള രാജ്യത്തെ മികച്ച ശാസ്ത്രജ്ഞരില്‍ ചിലരും ഇത് വിലയിരുത്തിയിട്ടുണ്ടെന്നും വൈദ്യ രാജേഷ് കൂട്ടിച്ചേര്‍ത്തു. കൊവിഡ് വൈറസിനെതിരായ ചികില്‍സയ്ക്കായി പലതരത്തിലുള്ള ചികില്‍സകള്‍ കൂട്ടിച്ചേര്‍ത്താണ് ഡോക്ടര്‍മാര്‍ പരീക്ഷിക്കുന്നത്.