ആഗ്ര: കൊവിഡ് രോഗിയുമായി ഇടപഴകിയതിനെ തുടര്‍ന്ന് രോഗബാധ സംശയിച്ച് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്ന സര്‍ക്കാര്‍ ഡോക്ടര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഡോക്ടറുടെ രക്ഷപ്പെടാനുള്ള ശ്രമം തകര്‍ത്ത പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഡോക്ടറെ പിടികൂടാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലുമായി.
കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി അടുത്തിടപഴകിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറാകാതെ ഡോക്ടര്‍ ആശുപത്രി വിടുകയായിരുന്നു. പിന്നീട് പോലീസ് ഉദ്യോഗസ്ഥന് ഇയാളെ പിടികൂടി വീണ്ടും ക്വാറന്റൈനില്‍ പാര്‍പ്പിച്ചു. വൃന്ദാവന്‍ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് ആശുപത്രി തിങ്കളാഴ്ച മുതല്‍ ഭാഗികമായി അടച്ച് ഇവിടുത്തെ എല്ലാ ഡോക്ടര്‍മാരേയും ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
അതേസമയം ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുന്ന ഡോക്ടര്‍മാരെ സ്ഥിരമായി കാണാതാകാറുണ്ടെന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്. ഡോക്ടര്‍മാരെക്കൂടാതെ കൊവിഡ് രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 13 ആരോഗ്യപ്രവര്‍ത്തകരെയും ക്വാറന്റൈനിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ പലരേയും ബുധനാഴ്ച രാത്രി കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ കൊവിഡ് പരിശോധന ഇപ്പോഴും നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ക്വാറന്റൈന് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കടന്നുകളഞ്ഞ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ മജിസ്ട്രേറ്റ് സര്‍വാഗ്യ റാം മിശ്ര പറഞ്ഞു