ന്യൂ ഡല്‍ഹി: ലോകത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിയ വൈറസിന് പിന്നാലെ ചൈനയില്‍ നിന്നും മറ്റൊരു വൈറസ് കൂടി. ക്യാറ്റ് ക്യൂ എന്ന വൈറസിനെ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ചൈന. ഈ വൈറസിന്റെ സാന്നിധ്യം ഇന്ത്യയിലും കണ്ടെത്തിയെന്നാണ് സൂചന. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ നല്‍കുന്ന വിവരങ്ങളനുസരിച്ച്‌ ക്യാറ്റ് ക്യൂവിന് ഇന്ത്യയില്‍ വന്‍തോതില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്. ആര്‍ത്രോപോഡ് ബോണ്‍ വിഭാഗത്തില്‍പ്പെടുന്ന വൈറസാണ് സി.ക്യു.വി. ചൈനയിലും വിയറ്റ്‌നാമിലും ക്യൂലക്‌സ് കൊതുകുകളിലും പന്നികളിലും ഇതിനകം ക്യാറ്റ് ക്യൂ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളില്‍നിന്നു ശേഖരിച്ച 883 സെറം സാംപിളുകളില്‍ രണ്ടെണ്ണത്തില്‍ സി.ക്യുവിന്റെ ആന്റിബോഡികള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.