കൊച്ചി: രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും എത്തുന്ന മലയാളികളില്‍ വ്യാപകമായി കോവിഡ് സ്ഥിരീകരിച്ച് തുടങ്ങിയതോടെ, രോഗം കണ്ടെത്താനുള്ള പി.സി.ആര് കിറ്റുകള്‍ക്ക് വീണ്ടും ക്ഷാമം. നിലവില്‍ 79,160 പി.സി.ആര് കിറ്റും 82,342 ആര്.എന്‍.എ കിറ്റും സ്റ്റോക്കുണ്ടെങ്കിലും വരുംദിവസങ്ങളിലെ സാഹചര്യം നേരിടാന്‍ ഇത് മതിയാവില്ലെന്നാണ് വിലയിരുത്തല്‍.
വിദേശത്തുനിന്ന് എത്തിയവരില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടിവന്നേക്കും. അതിനാല്‍ ഒരു ലക്ഷത്തിലധികം പി.സി.ആര് കിറ്റുകള്‍ ഉടന്‍ സ്റ്റോക്ക് ഉണ്ടാകണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഇതരസംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും ആളുകള്‍ എത്താന്‍ തുടങ്ങിയിട്ട് 10 ദിവസം തികയും മുമ്ബേ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായി. സംസ്ഥാനത്തേക്ക് മലയാളികള്‍ എത്താന്‍ തുടങ്ങിയ മേയ് എട്ടുമുതല്‍ ശനിയാഴ്ചവരെ 80 പേര്‍ക്ക് രോഗം ബാധിച്ചു. ഈ ആശങ്ക പരിശോധനക്കിറ്റുകളുടെ കാര്യത്തിലുമുണ്ട്.
ആളുകള്‍ എത്തുന്നത് കണക്കിലെടുത്ത് ഒരുലക്ഷം കിറ്റുകള്‍ അഞ്ച് കമ്ബനിയില്‍നിന്ന് വാങ്ങാന്‍ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച ഓര്‍ഡര്‍ നല്കി. മേയ് അവസാനത്തോടെ കിറ്റുകള്‍ സംഭരിക്കലാണ് ലക്ഷ്യം. കിറ്റുകള്‍ എന്ന് എത്തുമെന്നതില്‍ വ്യക്തതയില്ല.
സ്റ്റോക്കിെന്റ 50 ശതമാനം തീര്‍ന്നാല്‍ കിറ്റുകള്‍ വാങ്ങി പകരം വെക്കണമെന്നാണ് കേരള മെഡിക്കല്‍ സര്‍വിസ് കോര്പറേഷന് സര്‍ക്കാര്‍ നല്കിയ നിര്‍ദേശം. കിറ്റുകള്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും മുമ്ബ് ഓര്‍ഡര്‍ നല്കിയ കിറ്റുകളില്‍ 70 ശതമാനം ലഭിച്ചെന്നുമാണ് അധികൃതര്‍ പറയുന്നത്. ഇതോടൊപ്പം എട്ടുലക്ഷം വ്യക്തിഗത സുരക്ഷ ഉപാധികള്‍ (പി.പി.ഇ) കിറ്റുകളും 9.6 ലക്ഷം എന്‍ 95 മാസ്കുകളും ശേഖരിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ 2,04,086 പി.പി.ഇ കിറ്റും 1,95,268 എന്‍ 95 മാസ്കും 23,49,029 ട്രിപ്പിള്‍ ലെയര്‍ മാസ്കും സ്റ്റോക്കുണ്ട്.
അതേസമയം, ഒരാള്‍ കോവിഡ് പോസിറ്റിവായാല്‍ തുടര്‍പരിശോധന ഏഴാം ദിവസമാണ് ഇപ്പോള്‍ നടത്തുന്നത്. നേരത്തേ ഇത് ഒന്നിടവിട്ട ദിവസങ്ങളില്‍ നടത്തിയിരുന്നു. അതുവഴി ഇപ്പോള്‍ കുറച്ച് കിറ്റുകള്‍ മതിയെന്നാണ് അധികൃതര്‍ പറയുന്നത്. കൂടാതെ, പൂള് ടെസ്റ്റിങ് പ്രകാരം ഒാരോ വിഭാഗത്തില്‍പെട്ടവരുടെ സാമ്ബിള്‍ ചേര്‍ത്ത് പരിശോധിക്കുന്ന രീതിയും കിറ്റ് ഉപയോഗം കുറക്കാന്‍ സഹായിക്കും. പോസിറ്റിവ് കാണുന്ന പൂളിലുള്ളവരുടെ സാമ്ബിള്മാത്രം തുടര്‍ന്ന് പരിശോധിച്ചാല്‍ മതിയാകുമെന്നതാണ് ഗുണം.