തിരുവനന്തപുരം: കോവിഡ് പിന്‍വാങ്ങുന്നു എന്ന തോന്നലിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയ തലത്തില്‍ കോവിഡ് വ്യാപനം ഉയര്‍ന്ന തോതില്‍ പിന്നിട്ടുവെന്ന പ്രചാരണം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകസാഹചര്യം പരിഗണിച്ചാല്‍ പലയിടത്തും കോവിഡ് വീണ്ടും കുത്തനെ ഉയരുന്നു. പരമാവധിയിലെത്തിയശേഷം കുറയുന്നുവെന്ന തോന്നല്‍ രോഗം പിന്‍വാങ്ങുന്നതിന്റെ സൂചനയെന്ന് ഉറപ്പിക്കാനാവില്ല.
നിലവിലെ സാഹര്യത്തില്‍ മഹാമാരി പിന്‍വാങ്ങുന്ന തോന്നലിന് ശാസ്ത്രീയ അടിസ്ഥാനമില്ല. ഇത് കാട്ടുതീ പോലെ. തീ ശമിക്കുന്നത് അടുത്ത കാട്ടിലേക്ക് പടരുന്നതിന് മുന്‍പുള്ള താത്കാലിക ശാന്തത മാത്രമാണ്. രോഗം പടരാതിരിക്കാനുള്ള കരുതല്‍ ജാഗ്രതയോടെ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വന്ന് പോകുന്നത് നല്ലതല്ല. രോഗം വന്ന് പോകുന്നത് പലരിലും നല്ല ഫലമല്ല സൃഷ്ടിക്കുന്നത്. കോവിഡ് മുക്തരായാലും അവശത ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സ്ഥിതിയുണ്ട്. രോഗം ബാധിച്ചാല്‍ പത്ത് ദിവസത്തിനപ്പുറം വൈറസ് മനുഷ്യ ശരീരത്തില്‍ നിലനില്‍ക്കില്ല.
എങ്കിലും ടെസ്റ്റ് നെഗറ്റീവായതിന് ശേഷം മാത്രമാണ് നമ്മള് കോവിഡ് മുക്തി അംഗീകരിക്കുന്നത്. അത്തരത്തില്‍ നെഗറ്റീവായവരുടെ ശരീരത്തില്‍ വൈറസ് ഇല്ലെങ്കിലും പലരിലും രോഗത്തിന്റെ ഭാഗമായി വൈറസ് ബാധയേറ്റ അവയവങ്ങള്‍ അവശത നേരിടാന്‍ സാധ്യതയുണ്ട്.
ശ്വാസകോശം, വൃക്ക തുടങ്ങിയവയില്‍ വ്യതിയാനം മാറാന്‍ സമയമെടുക്കും. അവര്‍ക്ക് ദീര്‍ഘകാല ക്ഷീണവും ഹൃദ്രോഗ സാധ്യതയും കൂടുന്നു. ഒരു ശതമാനം പേരില്‍ ഈ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം കാണുന്നു. ടെസ്റ്റ് നെഗറ്റീവായാലും ഒരാഴ്ച കൂടി ക്വാറന്റൈനില്‍ തുടരാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.