കോവിഡ് ബാധ നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ ആഗോള തലത്തില്‍ ദാരിദ്ര്യം വര്‍ധിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ലോകത്ത് 4.9 കോടി പേര്‍കൂടി പട്ടിണിയിലാകുമെന്നാണു സംഘടന കണക്കാക്കുന്നത്. ഈ സംഖ്യ വീണ്ടും ഉയരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ആഗോള ആഭ്യന്തര ഉത്പാദന വളര്‍ച്ചയില്‍ കുറയുന്ന ഓരോ പോയിന്റും സൂചിപ്പിക്കുന്നത് ആയിരക്കണക്കിനു കുട്ടികള്‍ പട്ടിണിയിലേക്കും വളര്‍ച്ചക്കുറവിലേക്കും നീങ്ങുന്നുവെന്നാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.കൊറോണ പ്രതിസന്ധി ലോകമെമ്ബാടും പ്രത്യേകിച്ച് ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ബാലവേല പെരുകാന്‍ കാരണമാകുമെന്നു കുട്ടികളുടെ സഹായ സംഘടനകള്‍ പറയുന്നു.
അതേസമയം ലോകത്ത് കോവിഡ് ബാധിതര്‍ 76 ലക്ഷത്തിലേക്ക്. വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്കു പ്രകാരം 7,588,705 പേരാണു രോഗബാധിതര്‍. മരണസംഖ്യ നാലര ലക്ഷത്തിലേക്ക് അടുക്കുകയാണ്. വിവിധ രാജ്യങ്ങളിലായി 423,673 പേര്‍ക്കു ജീവന് നഷ്ടമായി. 3,839,321 പേര് രോഗമുക്തി നേടിയെന്നത് ആശ്വാസ വാര്‍ത്തയാണ്.