കാബൂള്‍: അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് താരം നജീബുള്ള തരകായിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. അഫഗാനിസ്ഥാനിലെ കിഴക്കന്‍ നങ്കര്‍ഹറില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ നജീബുള്ളയെ കാറിടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലാണ് നജീബുള്ളയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് നസീം സര് അബ്ദുള്റഹീംസായിയാണ് അപകടവിവരം പുറത്തുവിട്ടത്. 29കാരനായ ക്രിക്കറ്റ് താരം അതീവ ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അബ്ദുള്റഹീംസായിയെ ഉദ്ധരിച്ച് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ആശുപത്രി അധികൃതരുമായി നിരന്തര സമ്ബര്‍ക്കം പുലര്‍ത്തുന്നുണ്ട്. അദ്ദേഹത്തെ കാബൂളിലേക്കോ അഫ്ഗാനിസ്ഥാന് പുറത്തേക്കോ മാറ്റേണ്ടതുണ്ടോ എന്നും ക്രിക്കറ്റ് ബോര്‍ഡ് ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തി വരുന്നു. 2014 മാര്‍ച്ചിലാണ് നജീബുള്ള അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ അഫ്ഗാനിസ്ഥാന് വേണ്ടി 12 ട്വന്റി-20 മത്സരങ്ങളും ഒരു ഏകദിനവും കളിച്ചിട്ടുണ്ട്. 24 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.