ദുബൈ: ഗസ്സ യുദ്ധം ഉടൻ അവസാനിപ്പിക്കുക, ബന്ദികളുടെ മോചനം ഉറപ്പാക്കുക, ഗസ്സയിൽ സഹായം എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ വെടിനിർത്തലിനു വേണ്ടി ഊർജിത നീക്കം നടക്കുന്നതായി അമേരിക്ക. പ്രസിഡന്‍റ്​ ജോ ബൈഡൻ നേരിട്ടു തന്നെയാണ്​ ഇക്കാര്യത്തിൽ ഇടപെടുന്നതെന്നും വൈറ്റ്​ ഹൗസ്​ പ്രതികരിച്ചു. 

ഇരുപക്ഷത്തിനും സ്വീകാര്യമായ ഒരു വെടിനിർത്തൽ ഫോർമുല രൂപപ്പെട്ടതായും അമേരിക്ക അറിയിച്ചു. എന്നാൽ, ഇതിന്‍റ വിശദാംശങ്ങൾ വ്യക്​തമല്ല. ഫിലാഡെൽഫിയ ഇടനാഴിയിൽനിന്ന്​ ഇസ്രായേൽ സൈന്യം പിൻവാങ്ങിയാൽ കരാർ യാഥാർഥ്യമാകും എന്ന സൂചനയാണ്​ അമേരിക്ക നൽകുന്നത്​. 

ആറ്​ ബന്ദികൾ കൊല്ലപ്പെട്ടതിനെ തുടർന്ന്​ ഇസ്രായേലിൽ ആഞ്ഞടിച്ച പ്രതിഷധവും രാജ്യവ്യാപക പണിമുടക്കും അടിയന്തര വെടിനിർത്തലിന്​ പ്രേരിപ്പിക്കുന്നതായും വൈറ്റ്​ഹൗസ്​ പ്രതികരിച്ചു. മധ്യസ്​ഥ രാജ്യങ്ങളായ ഈജിപ്​തും ഖത്തറുമായി അമേരിക്കൻ നേതൃത്വം തിരക്കിട്ട ആശയവിനിമയം തുടരുകയാണ്​. 

അതേസമയം ഇസ്രായേലിൽ നെതന്യാഹുവിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്​തമായി. തെൽ അവീവിലും ജറൂസലമിലും ആയിരങ്ങൾ പ്രതിഷേധിച്ചു. യുദ്ധം ഇനിയും തുടർന്നാൽ ഹമാസല്ല, ഇസ്രായേൽ തന്നെയാണ്​ തകരുക​യെന്ന്​ മുൻ സൈനിക മേധാവി യിത്​ഷാക്​ ബ്രിക്​ മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ മുഖേനയല്ലാതെ ബന്ദികളെ ജീവനോടെ ലഭിക്കില്ലെന്ന്​ ഹമാസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

അതിനിടെ, ഗസ്സയിൽ ഇസ്രായേൽ സേന ആക്രമണംതുടരുകയാണ്. ജബലിയ അഭയാർഥി ക്യാമ്പിൽ ബ്രഡ് വാങ്ങാൻ നിന്നവർക്കു നേരെ അധിനിവേശ സേന നടത്തിയ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. യുനർവയുടെ അൽഫഖൂറ സ്കൂളിന് മുന്നിലായിരുന്നു ആക്രമണം. ഖാൻ യൂനുസ്, റഫ നഗരങ്ങളിൽനിന്ന് നിരവധിമൃതദേഹങ്ങൾ കണ്ടെടുത്തു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേനയുടെ അതിക്രമവും തുടരുകയാണ്.