പാരീസ് ഒളിമ്പിക്സിനിടെ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ ഇന്ത്യൻ വനിതാ ഗുസ്തി താരം അന്തിം പംഗലിനെ മൂന്ന് വർഷത്തേക്ക് വിലക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനിച്ചു. അച്ചടക്കലംഘനത്തെത്തുടർന്ന് അന്തിം പംഗലിനെ ഉടനെ തന്നെ പാരീസിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വിലക്കും വരുന്നത്. 53 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ ആദ്യ മത്സരത്തിനിറങ്ങിയ അന്തിം പംഗൽ എതിരാളിയായ തുർക്കി താരം യെറ്റ്ഗിൽ സൈനെപ്പിനെതിരെ പ്രതിരോധമില്ലാതെ തോറ്റ് പുറത്തായിരുന്നു. വെറും 101 സെക്കൻഡിൽ 0-10നായിരുന്നു അന്തിമിന്റെ തോൽവി. 53 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് ആദ്യം ഒളിമ്പിക് യോഗ്യത നേടിയ താരമാണ് അണ്ടർ 20 ലോക ചാമ്പ്യൻ കൂടിയായ അന്തിം പംഗൽ.
വിനേഷ് ഫോഗട്ട് അയോഗ്യയായതോടെ അന്തിമിലായിരുന്നു പാരീസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ. എന്നാൽ ആദ്യ റൗണ്ടിൽ തന്നെ ദയനീയ തോൽവി വഴങ്ങി പുറത്തായതിന് പിന്നാലെ അനുമതിയില്ലാതെ സഹോദരിയെ ഒളിമ്പിക് വില്ലേജിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചതിന് അന്തിമിനെയും സപ്പോർട്ട് സ്റ്റാഫിനെയും ഒളിമ്പിക്സിലെ ഇന്ത്യൻ സംഘത്തിൽ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചത് ഇന്ത്യക്ക് നാണക്കേടായിരന്നു. മത്സരശേഷം ഒളിമ്പിക് വില്ലേജിലേക്ക് പോകാതെ നേരെ ഹോട്ടലിലേക്ക് പോയ അന്തിം കോച്ച് ഭഗത് സിംഗിനെയും പരിശീലന പങ്കാളിയായ വികാസിനെയും കണ്ടു.
അവിടെ നിന്ന് തന്റെ അക്രഡിറ്റേഷൻ കാർഡ് സഹോദരിക്ക് കൈമാറിയശേഷം ഒളിമ്പിക് വില്ലേജിൽ ചെന്ന് തന്റെ പരിശീലന സാമഗ്രികൾ എടുത്തുകൊണ്ടുവരാൻ പറഞ്ഞുവിടുകയായിരുന്നു. ഗെയിംസ് വില്ലേജിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് അന്തിമിന്റെ സഹോദരിയെ തടഞ്ഞുവെച്ച് ഇന്ത്യൻ അധികൃതരെ വിവരമറിയിച്ചത്. ഇതിന് പിന്നാലെയാണ് അന്തിമിന്റെ സംഘത്തെ നാട്ടിലേക്ക് തിരിച്ചയക്കാൻ തീരുമാനിച്ചത്. അനധികൃതമായി ഗെയിംസ് വില്ലേജിൽ പ്രവേശിക്കാൻ ശ്രമിച്ച സംഭവത്തിൽ ഫ്രഞ്ച് പോലീസ് അന്തിമിന്റെയും സഹോദരിയുടെയും മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെ അന്തിമിനെും പരിശീലക സംഘത്തെയും നാട്ടിലേക്ക് അയച്ചു. ഇതിന് പിന്നാലെയാണ് വിലക്കും വരുന്നത്.