1877 ൽ മാർ അത്തനാസിയോസ് കാലംചെയ്തു. തുടർന്നു തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്തയായി. നവീകരണ പിതാവായ ഏബ്രഹാം മൽപ്പാന്റെ രണ്ടാമത്തെ മകനായ ഇദ്ദേഹം 1893 വരെ മെത്രാപ്പൊലീത്തയായി തുടർന്നു. പിന്നീട് 1894 ൽ ചുമതലയേറ്റ തീത്തൂസ് പ്രഥമൻ ഏബ്രഹാം മൽപ്പാന്റെ നാലാമത്തെ മകനാണ്. 1909 ൽ കാലം ചെയ്തു.
മാത്യൂസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്തയുടെ സഹോദരൻ ഔസേപ്പച്ചന്റെ ഇളയ പുത്രനായ തീത്തൂസ് ദ്വിതീയനാണ് തുടർന്നു സഭൗ നൗകയെ നയിച്ചത്. 1944 ൽ ദിവംഗതനായി. തുടർന്ന് കല്ലൂപ്പാറ മാരേട്ട് കുടുംബത്തിലെ ഡോ. ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പൊലീത്തയായി. 1947 ൽ ഏബ്രഹാം മാർത്തോമ്മാ കാലം ചെയ്തതിനെ തുടർന്ന് അയിരൂർ ചെറുകര കുടുംബാംഗം ഡോ. യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പൊലീത്ത ചുമതലയേറ്റു. 1976 ൽ യൂഹാനോൻ മാർത്തോമ്മാ കാലം ചെയ്തു. ഇതേ തുടർന്നു കുറിയന്നൂർ മാളിയേക്കൽ കുടുംബാംഗം ഡോ. അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പൊലീത്തയായി.
1999 ഒക്ടോബർ 23 വരെ തുടർന്ന ഇദ്ദേഹം പിൻഗാമിയായി ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തെ ചുമതലയേൽപ്പിച്ചു വിശ്രമജീവിതത്തിലേക്കു കടന്നു. 2000 ജനുവരി 13 ന് കാലം ചെയ്തു. 1999 മാർച്ച് 15 ന് ഒഫിഷ്യേറ്റിങ് മെത്രാപ്പൊലീത്തയായി ചുതമലയേറ്റ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം 1999 ഒക്ടോബർ 23 നാണ് മെത്രാപ്പൊലീത്തയായി ചുമതലയേൽക്കുന്നത്. 2007 ഒക്ടോബർ രണ്ടിന് ഭരണച്ചുമതലകളിൽ നിന്നൊഴിഞ്ഞ് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ചുമതലയേൽപ്പിച്ചു. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയായി മാറി.
പൈതൃക വഴിയിലെ എട്ടാമൻ
എട്ടോളം മെത്രാന്മാരുടെ പൈതൃകം സ്വന്തമായുള്ള അപൂർവ പാരമ്പര്യത്തിന്റെ ഉടമ. ഡോ. ജോസഫ് മാർത്തോമ്മാ ഉൾപ്പെടെ 5 മെത്രാപ്പൊലീത്തമാരാണു മാരാമൺ പാലക്കുന്നത്തു കുടുംബത്തിൽ നിന്നുമാത്രമുള്ളത്. നവീകരണ പിതാവായ ഏബ്രഹാം മൽപ്പാന്റെ ജ്യേഷ്ഠ സഹോദരൻ മാത്തച്ചന്റെ മകൻ മാത്യൂസ് മാർ അത്തനാസിയോസാണ് കുടുംബത്തിലെ ആദ്യ മെത്രാപ്പൊലീത്ത; സഭയിലെയും.