കൊച്ചി: ബിരിയാണിയും പൊതിച്ചോറും തയാറാക്കി വില്‍പ്പന നടത്തിയിരുന്ന ട്രാന്‍സ്ജെന്‍ഡര്‍ സജനയെ ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. എരൂര്‍ സ്വദേശി ഗിരീഷാണ് പിടിയിലായത്. ട്രാന്‍സ്ജെന്‍ഡര്‍ സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. ഒരുകൂട്ടം സാമൂഹികവിരുദ്ധരാണ് ഇവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്.

ബിരിയാണിയും പൊതിച്ചോറും തയ്യാറാക്കി വാഹനത്തില്‍ കൊണ്ടുപോയി വില്‍പന നടത്തുന്നതിനിടെ കച്ചവട സമയത്ത് ചിലര്‍ കൂട്ടം ചേര്‍ന്ന് ഇവരെയും കൂടെയുള്ള മറ്റ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളേയും അധിക്ഷേപിച്ച്‌ ജോലി തടസപ്പെടുത്തുകയും ചെയ്യുന്നു എന്നായിരുന്നു പരാതി.

ഇതെക്കുറിച്ച്‌ വിവരിച്ച്‌ സജന ഫേസ്ബുക്കില്‍ ലൈവിട്ടതോടെയാണ് വിവരം പുറം ലോകം അറിയുന്നത്. പൊലിസില്‍ പരാതി നല്‍കിയെങ്കിലും സഹായമൊന്നും ലഭിച്ചില്ലെന്നും വീഡിയോയിലൂടെ പറഞ്ഞു. സാമൂഹികവിരുദ്ധരുടെ ശല്യം മൂലം വില്‍പനയ്ക്കായി തയ്യാറാക്കിയ ബിരിയാണിയും പൊതിച്ചോറും വിറ്റഴിക്കാനാകാതെ തിരിച്ച്‌ പോരേണ്ടി വരികയായിരുന്നു.