ന്യൂഡല്‍ഹി | രാജ്യത്തെ ഏറ്റവും വലുതും വിപുലവുമായ കൊവിഡ് ആശുപത്രി ഡല്‍ഹിയില്‍ തയാറാവുന്നു. ഈയാഴ്ച തന്നെ ആശുപത്രിയുടെ പ്രവര്‍ത്തനമാരംഭിക്കും. കൊവിഡ് വെല്ലുവിളി നേരിടുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടിടപ്പെട്ടതിന്റെ ഫലമാണ് പുതിയ ആശുപത്രിയെന്ന് ഒരുദ്യോഗസ്ഥന്‍ പറഞ്ഞു. ദക്ഷിണ ഡല്‍ഹിയില്‍ ചത്തര്‍പുരിലെ രാധ സൊആമി സത്സംഗ് ബിയാസ് കോംപ്ലക്‌സിലാണ് 10,200 രോഗികളെ വരെ പ്രവേശിപ്പിക്കാന്‍ സൗകര്യമുള്ള ആശുപത്രി സംവിധാനം ഒരുങ്ങുന്നത്. ചൈനയിലെ ലീഷന്‍ഷാനില്‍ താത്ക്കാലികമായി സജ്ജീകരിച്ച ഏറ്റവും വലിയ കൊവിഡ് ആശുപത്രിയുടെതിനെക്കാള്‍ പത്തിരട്ടി വലുപ്പമുള്ളതായിരിക്കും ഇത്. ആയിരം രോഗികളെ പ്രവേശിപ്പിക്കാനാണ് ലീഷന്‍ഷാന്‍ ആശുപത്രിയില്‍ സൗകര്യമുള്ളത്. സര്‍ദാര്‍ പട്ടേല്‍ കൊവിഡ് കെയര്‍ സെന്റര്‍ ആന്‍ഡ് ഹോസ്പിറ്റല്‍ എന്നാണ് 15 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ള ആശുപത്രിക്കു പേരിട്ടിരിക്കുന്നത്.

ആദ്യ 2000 കിടക്കകള്‍ സജ്ജീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള അന്തിമ ദിനമായ ജൂണ്‍ 25ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രി സന്ദര്‍ശിച്ചേക്കും. ജൂലൈ മൂന്നോടെ, ബാക്കിയുള്ള കിടക്കകള്‍ സംവിധാനിക്കുകയാണ് ലക്ഷ്യം. ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഈമാസം അവസാനത്തോടെ ഒരുലക്ഷത്തിലെത്തുമെന്നും 15,000 കിടക്കകള്‍ ആവശ്യമായി വരുമെന്നുമാണ് സംസ്ഥാന സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.