ഡാളസ് : ടെക്‌സസ് സംസ്ഥാനത്തെ പ്രധാന കൗണ്ടികളിലൊന്നായ ഡാളസില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്നു. മേയ് ഏഴാം തീയതി വ്യാഴാഴ്ച വൈകിട്ട് കൗണ്ടി ജഡ്ജി ക്ലെ ജന്‍കിന്‍സ് കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ 5,120 ല്‍ എത്തിയെന്നും ഇതുവരെ മരിച്ചവരുടെ എണ്ണം 125 ആയി ഉയര്‍ന്നുവെന്നും അറിയിച്ചു.

വ്യാഴാഴ്ച മാത്രം 251 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രണ്ടു മരണവും.സ്റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട കണക്കനുസരിച്ച് ഡാളസ് കൗണ്ടിയിലെ സ്ഥിരീകരിച്ച 5,120 കേസ്സുകളില്‍ 2,867 ആക്ടീവ് കേസുകളും 2124 പേര്‍ രോഗത്തില്‍ നിന്നും സുഖം പ്രാപിച്ചു വരുന്നു.

കൗണ്ടിയില്‍ കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രണാതീതമല്ലാത്തതിനാല്‍ അനാവശ്യമായി കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും ആറടി അകലം പാലിക്കണമെന്നും ഫെയ്‌സ് മാസ്‌ക്ക് പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കണമെന്നും ജഡ്ജി നിര്‍ദേശിച്ചു.സ്വയം സുരക്ഷയെ കരുതിയും ആരോഗ്യകരമായ സമൂഹം പടുത്തുയര്‍ത്തുന്നതിനും തല്ക്കാലം ഇത്തരം നിബന്ധനകള്‍ പാലിക്കപ്പെടേണ്ടത് ആവശ്യമാണെന്നും ജഡ്ജി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍