കഞ്ചാവ് കേസിൽ പിടികൂടുകയും പിന്നീട് പൊലീസ് കസ്റ്റഡിയിൽ മരിക്കുകയും ചെയ്ത ഷെമീർ നേരിട്ടത് കൊടിയ ക്രൂരതയെന്ന് വെളിപ്പെടുത്തി ഭാര്യ സുമയ്യ. ഭർത്താവിനെ പൊലീസ് ക്രൂരമായി മർദിച്ചുവെന്ന് സുമയ്യ വെളിപ്പെടുത്തി. അവശനായ ഷെമീറിനോട് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടാൻ നിർബന്ധിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ വീണു മരിച്ചെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമമെന്നും സുമയ്യ പറഞ്ഞു. കഞ്ചാവ് കേസിൽ ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂർ വനിതാ ജയിലിൽ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയശേഷം മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്.
ഷെമീറിനേറ്റ ക്രൂരമർദനത്തിന് സാക്ഷിയായിരുന്നു സുമയ്യ. അപസ്മാരമുള്ളയാളാണെന്നും മർദിക്കരുതെന്നും പറഞ്ഞാണ് പൊലീസ് ഷെമീറിനെ ജയിൽ അധികൃതർക്ക് കൈമാറിയത്. അത് അവർക്ക് ഇഷ്ടപ്പെട്ടില്ല. ‘പൊലീസിനെകൊണ്ട് റെക്കമൻഡ് ചെയ്യിക്കുമല്ലേ’ എന്ന് ചോദിച്ച് മർദിച്ചു. താനടക്കമുള്ള സ്ത്രീ തടവുകാരെ പൂർണ നഗ്നരാക്കി നിർത്തി. ഇതിനെ കൂട്ടുപ്രതി ജാഫർ എതിർത്തു. അക്കാരണം പറഞ്ഞ് ജാഫറിനേയും ക്രൂരമായി മർദിച്ചുവെന്നും സുമയ്യ വെളിപ്പെടുത്തി.