വത്തിക്കാന്‍ സിറ്റി: മുത്തശ്ശീ മുത്തച്ഛൻമാരുടെ പ്രഥമ ദിനാചരണത്തില്‍ മുത്തശ്ശീമുത്തച്ഛൻന്മാരെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന ശക്തമായ സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പ. നമ്മുടെ മുത്തശ്ശീമുത്തച്ഛൻമാരും വൃദ്ധരും ജീവിതത്തിൽ ഉപേക്ഷിക്കേണ്ട അവശിഷ്ടങ്ങൾ അല്ലായെന്നും നമുക്ക് നഷ്ടപ്പെട്ടു പോയ ‘ഓർമ്മയുടെ സുഗന്ധവുമായി’ ജീവന്റെ മേശയിൽ ഇനിയും നമ്മെ പുഷ്ടിപ്പെടുത്താൻ കഴിവുള്ള അമൂല്യമായ അപ്പക്കഷണങ്ങളാണെന്ന് പാപ്പ പറഞ്ഞു. ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചു വരുന്ന ഫ്രാൻസിസ് പാപ്പയ്ക്ക് വിശ്രമം നൽകാനായി നവസുവിശേഷവൽക്കരണത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ റീനോ ഫിസിക്കെല്ലായുടെ മുഖ്യകാർമ്മീകത്വത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേയാണ് പാപ്പയുടെ സന്ദേശം വായിച്ചത്.

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ അപ്പം വർദ്ധിപ്പിക്കൽ അത്ഭുതം ആസ്പദമാക്കിയാണ് പാപ്പ സന്ദേശം പങ്കുവെച്ചത്. പരിശുദ്ധ പിതാവ് തയ്യാറാക്കിയ വചനപ്രഘോഷണത്തിൽ ജനക്കൂട്ടത്തിന്റെ വിശപ്പറിഞ്ഞ യേശുവിന്റെ നോട്ടവും, അപ്പം പങ്കുവയ്ക്കലും, ബാക്കി വന്നത് നഷ്ടപ്പെടുത്താതെ സൂക്ഷിക്കാനാവശ്യപ്പെട്ടതും വിശദീകരിച്ച പാപ്പ ഇതിനെ ബന്ധപ്പെടുത്തി മുത്തശ്ശീമുത്തച്ഛന്മാരുടെ സമൂഹത്തിലെ ഒഴിച്ചുകൂടാനാവാത്ത പ്രാധാന്യം വരച്ചുകാട്ടി. കാണുക, പങ്കു വയ്ക്കുക, സംരക്ഷിക്കുക എന്നീ മൂന്ന് ക്രിയാപദങ്ങളിൽ ചുരുക്കിക്കൊണ്ടായിരിന്നു പാപ്പായുടെ സന്ദേശം. ഇന്ന് നമ്മൾ എങ്ങനെയാണ് നമ്മുടെ മുത്തശ്ശീ മുത്തച്ഛൻമാരെ കാണുന്നതെന്ന ചോദ്യം ഉയർത്തിയ പാപ്പ, ഇന്നത്തെ സ്വകാര്യ തിരക്കുകൾക്കിടയിൽ അവരെ ഒന്നു നോക്കാനും, അഭിവാദനം ചെയ്യാനും, പുണരാനും നേരം കാണാത്തതും പരസ്പരം തിരിച്ചറിയാൻ കഴിയാത്ത മനോഭാവവും തന്നെ വേദനിപ്പിക്കുന്നുവെന്നും പാപ്പ പറഞ്ഞു.

ദൈവത്തിന്റെ കണ്ണിൽ ഒരു അജ്ഞാതരായ ജനക്കൂട്ടമല്ല വിശപ്പും ദാഹവുമുള്ള വ്യക്തികളാണുള്ളത്. നമ്മുടെ ജീവിതങ്ങളിലേക്ക് നോക്കി നമ്മെ മനസ്സിലാക്കുകയും ഓരോരുത്തരുടേയും ആവശ്യങ്ങളെ തിരിച്ചറിയുകയും ചെയ്യുന്ന ആനോട്ടമാണ് യേശുവിന്റെത് പാപ്പാ വെളിപ്പെടുത്തി. ഇതേ നോട്ടമാണ് നമ്മുടെ മുത്തശ്ശീമുത്തച്ഛന്മാരും മുതിർന്നവരും നമ്മുടെ ജീവിതത്തിലേക്ക് നോക്കിയതെന്ന് പാപ്പ ചൂണ്ടിക്കാണിച്ചു. നമ്മൾ കുഞ്ഞുങ്ങളായിരുന്നപ്പോൾ അവർ നമ്മെ അങ്ങനെയാണ് കരുതലോടെ നോക്കിയത്. അവരുടെ കഠിനമായ ജോലിയിലും സഹനങ്ങളിലും അവർ നമുക്കായി നേരം കണ്ടെത്തി. നമ്മൾ തെറ്റിദ്ധരിക്കപ്പെട്ടപ്പോഴും ജീവിത വെല്ലുവിളികളിൽ ഭയചകിതരായി നിന്നപ്പോഴും അവർ നമ്മെ മനസ്സിലാക്കുകയും സ്നേഹത്തോടും കരുതലോടും കൂടെ നമ്മുടെ വളർച്ചയിൽ സഹായിക്കുകയും ചെയ്തു. ആ സ്നേഹമാണ് നമ്മെ യുവത്വത്തിലേക്ക് വളർത്തിയത്.

നമ്മുടെ ജീവിതം പുഷ്ടി പിടിപ്പിച്ച നമ്മുടെ മുത്തശ്ശീ മുത്തച്ഛൻമാർ ഇന്ന് നമ്മുടെ സ്നേഹത്തിനും കരുതലിനും സാമിപ്യത്തിനുമായി തീക്ഷ്ണമായി ആഗ്രഹിക്കുകയാണ്. നമ്മെ യേശു കാണുന്നതുപോലെ നമുക്ക് കണ്ണുകളുയർത്തി അവരെ കാണാം. ജനക്കൂട്ടം ഭക്ഷിച്ചു കഴിഞ്ഞപ്പോൾ മിച്ചം വന്ന അപ്പം ഒന്നും കളയാതെ ശേഖരിക്കാൻ യേശു ആവശ്യപ്പെടുന്നതു നമ്മുക്ക് സുവിശേഷത്തില്‍ കാണാം. നമുക്കാവശ്യമുള്ളതിനേക്കാൾ നമുക്ക് തരികയും ഒന്നും നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുന്ന ദൈവഹൃദയത്തെയാണ് കാണാവുന്നത്. ഒരു അപ്പകഷണം ഒരു ചെറിയ കാര്യമായി തോന്നിയേക്കാം എന്നാൽ ദൈവത്തിന്റെ കണ്ണിൽ ഒന്നും എറിഞ്ഞു കളയേണ്ടവയല്ല. എല്ലാറ്റിലുമുപരി ഒരു വ്യക്തിയും ഒരിക്കലും തഴയപ്പെടേണ്ടതല്ല. അതിനാൽ ശേഖരിക്കുക, ശ്രദ്ധയോടെ കരുതുക, സംരക്ഷിക്കുക, എന്ന ഈ പ്രവാചകവിളി നമ്മിലും നമ്മുടെ സമൂഹത്തിലും നാം കേൾപ്പിക്കണമെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ദിവ്യബലി മദ്ധ്യേ ഫ്രാൻസിസ് പാപ്പ തയ്യാറാക്കിയ പ്രഭാഷണം മോൺ. ഫിസിക്കെല്ലായാണ് വായിച്ചത്.