നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും വി ശിവന്‍ക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളുടെയും അപ്പീലുകള്‍ സുപ്രിംകോടതി തള്ളി. അപ്പീല്‍ നല്‍കിയത് ഭരണഘടന വിരുദ്ധമെന്നും കോടതി.
മന്ത്രി വി ശിവന് കുട്ടി അടക്കം ആറ് ഇടത് നേതാക്കളും വിചാരണ നേരിടണം.വിചാരണ നേരിടേണ്ടവര്‍ വി ശിവന് കുട്ടി, മുന്‍മന്ത്രി ഇ.പി. ജയരാജന്, മുന്‍മന്ത്രിയും നിലവില്‍ എം.എല്‍.എയുമായ കെ.ടി. ജലീല്‍, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ്. വിധി പറഞ്ഞത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ്. അപ്പീലുകളിലെ വാദത്തില്‍ കഴമ്പില്ലെന്നും കോടതി.
നിയമനിര്‍മാണ സഭകളുടെ നിയമപരിരക്ഷ ബ്രിട്ടീഷ് ചരിത്രവുമായി സുപ്രിംകോടതി ഒത്തുനോക്കി. ഭയവും പക്ഷഭേദവുമില്ലാതെ പ്രവര്‍ത്തിക്കാനാണ് നിയമസഭാംഗങ്ങള്‍ക്ക് നിയമ പരിരക്ഷ. പദവികളും പ്രതിരോധശേഷിയും പദവിയുടെ അടയാളമല്ല, അത് അംഗങ്ങളെ തുല്യനിലയില്‍ നിര്‍ത്തുന്നുവെന്നും കോടതി.
അംഗങ്ങള്‍ അവരുടെ സത്യവാചകത്തിനോട് നീതി പുലര്‍ത്തണം. എങ്കില്‍ മാത്രമേ അവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമാകൂ. ക്രിമിനല്‍ നിയമത്തില്‍ നിന്നുള്ള ഒഴിവാകലിന് അല്ല നിയമപരിരക്ഷ നല്‍കുന്നത്. അങ്ങനെയെങ്കില്‍ അത് പൗരന്മാരോടുള്ള വഞ്ചനയായി മാറും. നരസിംഹ റാവു കേസ് വിധി ഈ കേസില്‍ തെറ്റായി കോടതി ചൂണ്ടിക്കാണിച്ചു.
പബ്ലിക് പ്രോസിക്യൂട്ടര്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കേണ്ടത്. ഭരണഘടനാ പരിധികള്‍ അംഗങ്ങള്‍ ലംഘിച്ചാല്‍ നിയമപരിരക്ഷ ലഭിക്കില്ലെന്നും കോടതി.
2015ല്‍ സംഭവിച്ചത്..
ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം.മാണി ബാര്‍ ഉടമകളില്‍ നിന്നും ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ബജറ്റ് അവതരണം തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചത്. 2015 മാര്‍ച്ച് 13നായിരുന്നു കെ.എം.മാണിയുടെ ബജറ്റ് അവതരണം. കെ.എം.മാണിയെ സഭയ്ക്ക് അകത്തും പുറത്തും തടയാന്‍ ഇടതുപക്ഷം തീരുമാനിച്ചു.
റോഡുകള്‍ രാത്രി മുതല്‍ തന്നെ യുവജനസംഘടനകള്‍ ഉപരോധിച്ചു. എന്നാല്‍ കെ.എം.മാണി നിയമസഭയിലെത്തി. തുടര്‍ന്ന് അപൂര്‍വമായ സംഭവങ്ങള്‍ക്കാണ് നിയമസഭ സാക്ഷിയായത്. കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതിനായി സ്പീക്കര്‍ ക്ഷണിക്കുന്നത് തടയാന്‍ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കടന്നുകയറി.
ഡയസിലെ കമ്പ്യൂട്ടറുകളും കസേരകളും തകര്‍ത്തു. സ്പീക്കറുടെ കസേര വലിച്ച് താഴെയിട്ടു. ഇതിനിടയില്‍ കെ.എം.മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചതായി പ്രഖ്യാപിച്ചു. രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ തകര്‍ത്തുവെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്കി. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി, എം.എല്‍.എമാരായിരുന്ന ഇ.പി.ജയരാജന്, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ് സി.കെ.സദാശിവന് എന്നിവരാണ് പ്രതികള്‍.
കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രിംകോടതിയില്‍ എത്തിയത്. സുപ്രിംകോടതിയുടെ വിധി സര്‍ക്കാരിന് നിര്‍ണായകമാണ്. കാരണം ഇതിലെ പ്രതികളിലൊരാള്‍ നിലവില്‍ വിദ്യാഭ്യാസമന്ത്രിയാണ് എന്നതു തന്നെ. കേസ് തുടരാനാണ് വിധിയെങ്കില്‍ പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടും. അന്ന് മാണിയെ അഴിമതിക്കാരന് എന്നു വിശേഷിപ്പിച്ച ഇടതു മുന്നണിയിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി എന്നത് മറ്റൊരു സവിശേഷത.