ടെന്നസ്സി: ഹൃദയമിടിപ്പ് തിരിച്ചറിയുന്നത് മുതലുള്ള ഭ്രൂണഹത്യ നിരോധിച്ചുകൊണ്ടുള്ള ശക്തമായ പ്രോലൈഫ് ബില്‍ അമേരിക്കയിലെ ടെന്നസ്സി സംസ്ഥാന നിയമസഭ പാസ്സാക്കി. ഡെമോക്രാറ്റുകളുടെ പ്രതിഷേധത്തെ വകവെക്കാതെയാണ് ടെന്നസ്സി ഗവര്‍ണര്‍ ബില്‍ ലീയുടെ പിന്തുണയോടെ നിയമസഭ ബില്ല് പാസ്സാക്കിയത്. ബില്‍ പ്രകാരം ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് ആരംഭിക്കുന്ന ആറാഴ്ചക്ക് ശേഷമുള്ള ഗര്‍ഭഛിദ്രങ്ങള്‍ സംസ്ഥാനത്തു നിയമവിരുദ്ധമാണ്. നിസ്സഹായരായവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് പ്രോഫാമിലി സംസ്ഥാനമായി തീരുന്നതിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ജനിക്കുവാനിരിക്കുന്ന കുട്ടികളാണ് ഇപ്പോള്‍ ഏറ്റവും നിസ്സഹായരെന്നും ഇന്നലെ വെള്ളിയാഴ്ച ഗവര്‍ണര്‍ ബില്‍ ലീ ട്വിറ്ററില്‍ കുറിച്ചു.

പരിമിതമായ സമയത്താണെങ്കില്‍ പോലും ഗര്‍ഭഛിദ്രത്തിന് മുന്‍പ് അള്‍ട്രാ സൗണ്ട് നടത്തിയിരിക്കണമെന്നും, ലിംഗത്തിന്റേയോ, വംശത്തിന്റേയോ, ഡൌണ്‍ സിന്‍ഡ്രോം പോലെയുള്ള വൈകല്യത്തിന്റേയോ അടിസ്ഥാനത്തില്‍ കൗണ്‍സലിംഗ് നടത്തുവാന്‍ പാടില്ലെന്നും ബില്ലില്‍ പറയുന്നു. വൈദ്യശാസ്ത്രപരമായ അടിയന്തര സാഹചര്യങ്ങള്‍ക്ക് ബില്ലില്‍ ഒഴിവുണ്ടെങ്കിലും വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്കും ബില്ലില്‍ ഇളവില്ല. സംസ്ഥാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ പ്രോഫാമിലി നിയമം തങ്ങളാണ് പാസാക്കിയിരിക്കുന്നതെന്നും ലീയുടെ ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്.

ലെഫ്നന്റ് ഗവര്‍ണര്‍ മക്നാല്ലി, സ്പീക്കര്‍ സെക്സ്റ്റണ്‍, ലീഡര്‍മാരായ ജോണ്‍സണ്‍, ലാംബെര്‍ത്ത്, ജനറല്‍ അസംബ്ലി അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ഹാര്‍ട്ട്ബീറ്റ് ബില്ലിന്റെ പേരില്‍ ഗവര്‍ണ്ണര്‍ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് അമേരിക്കയിലെ പ്രോലൈഫ് സമൂഹം ബില്ലിനെ നോക്കികാണുന്നത്. എന്നാല്‍ കോടതിയില്‍ ഈ ബില്‍ പിടിച്ചുനില്‍ക്കില്ലെന്നും, ഭരണഘടനാ വിരുദ്ധവുമാണെന്നാണ് പ്ലാന്‍ഡ് പാരന്റ്ഹുഡ്, ‘അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍’ തുടങ്ങിയ അബോര്‍ഷന്‍ അനുകൂല സംഘടനകളും ഡെമോക്രാറ്റുകളും പറയുന്നത്.