ടൊറന്‍റോ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓൺലൈൻ കലോത്സവത്തിനാണ് ടൊറന്‍റോ മലയാളി സമാജം വേദിയൊരുക്കുന്നത്. നോർത്ത് അമേരിക്കയിലെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പങ്കെടുക്കാൻ സാധിക്കുന്ന ഒരു കലാ മാമാങ്കം ഒരുക്കാനുള്ള തയാറെടുപ്പിലാണ് സംഘാടക സമിതി.
കഴിഞ്ഞ കുറെ വർഷങ്ങളായി സമാജം വളരെ വിജയകരമായി കലോത്സവങ്ങൾ നടത്തിവരുന്നുണ്ട്. എന്നാൽ കോവിഡിന്‍റെ പശ്ചാത്തലത്തിൽ എല്ലാവർക്കും സുരക്ഷിതമായി പങ്കെടുക്കാൻ സാധിക്കുന്ന രീതിയിൽ ഓൺലൈൻ മത്സരങ്ങൾ ലൈവ് ആയി നടത്താനുള്ള നൂതനവും ശ്രമകരവുമായ പദ്ധതിക്കാണ് ഇക്കുറി സമാജം രൂപം കൊടുത്തിട്ടുള്ളത്.
എല്ലാവർക്കും അവരവരുടെ വീടുകളിൽ നിന്നു തന്നെ മത്സരത്തിൽ പങ്കെടുക്കാമെന്നത്, ലോക്ക് ഡൗണിൽ കഴിയുന്നവർക്ക് മനസികോല്ലാസത്തിനു ഉപാധിയായിത്തീരും എന്നതിൽ സംശയമില്ല. എല്ലാ മത്സരങ്ങളും ടൊറന്‍റോ മലയാളി സമാജത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് ആയി കാണാവുന്നതാണ്.
ജൂലൈ നാലാമത്തെ ആഴ്ചയിൽ ആരംഭിക്കുന്ന ഓൺലൈൻ മത്സരങ്ങളിൽ അമേരിക്കൻ ഭൂഖണ്ഡത്തിലുള്ള എല്ലാ മലയാളിക്കും പങ്കെടുക്കാം. മത്സരാർഥികൾ തത്സമയം അവതരിപ്പിക്കുന്ന കലാപരിപാടികൾ, വിധികർത്താക്കൾ തത്സമയം വിലയിരുത്തി ഗ്രേഡ് ചെയ്യുന്നു എന്നതുമാണ് ഈ കലോത്സവത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത എന്നു സംഘാടകർ അറിയിച്ചു. ഒരു മത്സരാർഥിക്കു അഞ്ച് വ്യക്തിഗത ഇനങ്ങളിനാണ് മത്സരിക്കാവുന്നത്.എന്നാൽ ഗ്രൂപ്പ് ഇനങ്ങളിലെ പങ്കാളിത്തം കലാപ്രതിഭ-കലാതിലക പട്ടങ്ങൾക്ക് പരിഗണിക്കുന്നതല്ല.
ഡാൻസ്, മ്യൂസിക്, മോണോ ആക്ട്, മിമിക്രി, ചിത്രരചന തുടങ്ങിയ ഇരുപത്തഞ്ചോളം ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. കലാതിലകത്തിനും ആയിരം ഡോളർ വീതമാണ് സമ്മാനത്തുക. ഇതിനു പുറമെ എല്ലാ ഇനങ്ങളിലും ഒന്നും രണ്ടും സ്ഥാനത്തെത്തുന്നവർക്കും കാഷ് പ്രൈസ് ഏർപ്പെടുത്തിയിട്ടുണ്ട്. വിധികർത്താക്കളായും മത്സരാർഥികളെ പ്രോത്സാഹിപ്പിക്കാനും സെലിബ്രിറ്റി അതിഥികൾ എത്തുന്നു എന്നത് ഈ പരിപാടിയെ ജീവസുറ്റതാക്കും എന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.
52 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ളതും നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും പുരാതന മലയാളി സംഘടനകളിലൊന്നുമാണ് ടൊറന്‍റോ മലയാളി സമാജം. ടൊറന്‍റോ നഗരത്തിലെ മാത്രമല്ല, മറ്റു സമീപ നഗരങ്ങളിലെ മലയാളികളെയും കൂടി ഉൾക്കൊള്ളിക്കുന്ന രീതിയിലാണ് സമാജത്തിന്‍റെ രൂപകൽപന. പ്രവർത്തന മികവുകൊണ്ടും അംഗങ്ങളുടെ സാന്നിധ്യം കൊണ്ടും മലയാളികൾക്കിടയിൽ എന്നും സജീവമായി നിൽക്കുന്ന സംഘടന കൂടിയാണ് ടൊറന്‍റോ മലയാളി സമാജം അഥവാ ടിഎംഎസ്.
മത്സരാർഥികളുടെ പങ്കാളിത്തം, സ്പോൺസേഴ്‌സിന്‍റെ പിന്തുണ എന്നിവകൊണ്ട് ഇതിനകം ശ്രദ്ധേയമായ നോർത്ത് അമേരിക്കൻ ഓൺലൈൻ കലോത്സവത്തിന്‍റെ റജിസ്ട്രേഷനെക്കുറിച്ചും മറ്റുള്ള വിവരങ്ങൾക്കുമായി ടൊറന്‍റോ മലയാളി സമാജത്തിന്‍റെ വെബ്സൈറ്റായ www.torontomalayaleesamajam.com സന്ദർശിക്കുക.