തിരുവനന്തപുരം: പ്രവാസികള്‍ക്കെല്ലാം ഏഴു ദിവസമായിരിക്കും സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ നിരീക്ഷണ കാലയളവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര മാനദണ്ഡത്തിെന്റ അടിസ്ഥാനത്തില്‍ സംസ്ഥാനത്തും സര്‍ക്കാര്‍ ക്വാറന്‍റീന്‍ 14 ദിവസമാക്കുമെന്ന പ്രചാരണത്തിനിടെയാണ് മുഖ്യമന്ത്രി വ്യക്തത വരുത്തിയത്.
ക്വാറന്‍റീന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തമാണ്. ആരോഗ്യവിദഗ്ധരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് ഇതിലെ തീരുമാനം. ക്വാറന്‍റീനില്‍ കഴിയുന്നവരെ ഏഴു ദിവസത്തിനു ശേഷം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. രോഗമില്ലാത്തവരെ ശേഷിക്കുന്ന ഏഴു ദിവസത്തെ നിരീക്ഷണത്തിന് വീടുകളിലേക്കയക്കും. രോഗമുള്ളവരെ ആശുപത്രിയിലേക്കും. ഗര്‍ഭിണികളെയും ചെറിയ കുഞ്ഞുങ്ങളെയും നേരെ വീടുകളിലേക്കയക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളിെല നിരീക്ഷണം ബാധകമല്ല. ഇവര്‍ 14 ദിവസം വീടുകളില്‍ ക്വാറന്‍റീനില്‍ വേണം.
എല്ലാ രാജ്യങ്ങളിലെയും മലയാളികളെ തിരിച്ചെത്തിക്കാനാണ് ഉദ്ദേശം. മുന്‍ഗണന ഗള്‍ഫിലുള്ളവര്‍ക്കാണ്. വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കണ്ണൂര്‍ വിമാനത്താവളത്തിനും പ്രവാസികളെ എത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. നേരത്തേ കണ്ണൂര്‍ ഉള്‍പ്പെട്ടിരുന്നില്ല. അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലുള്ള മലയാളികളുടെ തിരിച്ചുവരവിെന്റ കാര്യത്തില്‍ തനിക്കൊന്നും പറയാനാകില്ലെന്നും ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി പറഞ്ഞു.