കൊച്ചി: പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി.
ലോക്ക്ഡൗൺ സമയത്ത് പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള സാധ്യതകളാരാഞ്ഞ് സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രവാസികളെ കൂട്ടത്തോടെ നാട്ടിലെത്തിക്കുന്നതില്‍ ഹൈക്കോടതി ആശങ്ക അറിയിക്കുകയും ചെയ്തു.
പ്രവാസികളെ തിരികെ എത്തിച്ചാല്‍ എവിടെ പാര്‍പ്പിക്കുമെന്നും പ്രവാസികള്‍ കൂട്ടത്തോടെ വന്നാല്‍ ക്രമസമാധാന പ്രശ്നം വരെ ഉണ്ടാകാമെന്നും ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി ചൂണ്ടി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കൂടി അറിയണമെന്ന് കോടതി വ്യക്തമാക്കി.
പ്രവാസി മലയാളികളെ തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി ദുബായ് കെഎംസിസിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിസ കാലാവധി കഴിഞ്ഞവരടക്കമുള്ള പ്രവാസികള്‍ നിലവിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. അവർ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.
ഇന്ത്യയിലേക്ക് പ്രവാസികളെ എത്തിക്കാനായി എമിറേറ്റ്സ് ഫ്ലൈറ്റുകൾ തയാറാണ്. ഈ സാഹചര്യത്തിൽ കോവിഡ് രോഗമില്ലാത്തവരെ പരിശോധനയ്ക്ക് ശേഷം കൊണ്ടുവരാന്‍ നടപടികളുണ്ടാവണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം.