തിരുവനന്തപുരം: ബെവ് ക്യൂ വഴിയുള്ള മദ്യ വില്പനയിലൂടെ കോവിഡിെന്റ മറവില്‍ അഴിമതിക്ക് കളമൊരുങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓരോ ടോക്കണിനും 50 പൈസ വരെ സോഫ്റ്റ്വെയര് കമ്ബനിക്ക് ലഭിക്കും. യാതൊരു ചെലവുമില്ലാതെ കമ്ബനിക്ക് പ്രതിമാസം മൂന്ന് കോടി വരെ കിട്ടുന്നതിനാണ് അവസരമൊരുങ്ങുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒരു ടോക്കണിന് 50 പൈസ ഈ കമ്ബനിക്ക് പോകുന്നത് എന്തിെന്റ അടിസ്ഥാനത്തിലാണെന്നും എന്ത് കാരണമാണിതിന് സര്‍ക്കാറിന് ചൂണ്ടിക്കാണിക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ബീവറേജ് കോര്‍പറേഷെന്റ ഔട്ട്ലറ്റുകളുടെ ക്രമീകരണത്തിന് വേണ്ടി സ്വകാര്യ കമ്ബനിയെ ആശ്രയിക്കേണ്ട എന്ത് ആവശ്യമാണുള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങളെ മറികടന്നുകൊണ്ട് ഗുരുതരമായ അഴിമതിയും ക്രമക്കേടും നടത്താനുള്ള സൗകര്യം ഒരുക്കികൊടുക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇത് സര്‍ക്കാര്‍ ഗൗരവപൂര്‍ണമായി അന്വേഷിക്കണം. ഈ ആവശ്യമുന്നയിച്ച് താന്‍ മന്ത്രി ടി.പി. രാമകൃഷ്ണന് കത്ത് നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഒട്ടും മുന്‍കാല പരിചയമില്ലാത്ത, സി.പി.എം സഹയാത്രികനായ ഒരു വ്യക്തിയുടെ കമ്ബനിക്കാണ് ബെവ് ക്യുവിെന്റ ചുമതല നല്‍കിയതെന്നും ഇത് കോവിഡിെന്റ മറവില്‍ നടക്കുന്ന അഴിമതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ കമ്ബനിക്ക് നല്കിയ ഉത്തരവ് റദ്ദാക്കി, ബെവ് ക്യുവുമായി ബന്ധപ്പെട്ട ജോലി ഐ.ടി മിഷനേയോ സി ഡിറ്റിനേയോ ഏല്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നശിപ്പിച്ചുവെന്ന സ്പ്രിന്ക്ലറിെന്റ വാദം വിശ്വസനീയമല്ലെന്ന് ചെന്നിത്തല പറഞ്ഞു. വിവരങ്ങള്‍ കൈയില്‍ കിട്ടിയാല്‍ തങ്ങളുടെ ആവശ്യത്തിന് ഫലപ്രദമായി അത് ഉപയോഗിക്കാനുള്ള കഴിവും ശാസ്ത്രീയ പരിജ്ഞാനവും സ്പ്രിന്ക്ലറിനുണ്ട്. മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി ഈ വിവരങ്ങള്‍ ഉപയോഗിക്കില്ലെന്നതിന് എന്താണ് തെളിവുള്ളത്.? എങ്ങനെ ഈ കമ്ബനിയെ വിശ്വസിക്കാന്‍ കഴിയും.? അമേരിക്കന്‍ കമ്ബനിയും സര്‍ക്കാറും തമ്മിലുള്ള ഒത്തുകളിയാണിതെന്നും അദ്ദേഹം ആരോപിച്ചു.
സ്പ്രിന്‍ക്ലര്‍ ഒരു പി.ആര് കമ്ബനിയാണ്. അതിനാല്‍തന്നെ വിവരങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി അവര്‍ ഉപയോഗിക്കില്ലെന്ന് പറയാന്‍ കഴിയില്ല. ആരോഗ്യ വിവരങ്ങള്‍ വളരെ സുപ്രധാനമായതുകൊണ്ട് അത് വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനും എളുപ്പമാണ്. സമഗ്രമായ ഓഡിറ്റാണ് ഇക്കാര്യത്തില്‍ വേണ്ടത്. അതിന് കേന്ദ്ര സഹായം ആവശ്യമാണെങ്കില്‍ അത് നേടിയെടുക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി. ഈ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.