കൊണ്ടോട്ടി: ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറത്തെ പരാമര്‍ശിച്ചത് സംസ്ഥാന വനംമന്ത്രി കെ. രാജു, സംസ്ഥാന വനംവകുപ്പ് മേധാവി, വന്യജീവി സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പറഞ്ഞതനുസരിച്ചാണെന്ന് മേനകാഗാന്ധി. മൊറയൂര്‍ പഞ്ചായത്തിലെ യൂത്ത് ലീഗിന് അയച്ച കത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. വനംമന്ത്രി കെ. രാജു, സംസ്ഥാന വനംവകുപ്പ് മേധാവി, വന്യജീവി സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പറഞ്ഞത് അനുസരിച്ചാണ് താന്‍ ആന കൊല്ലപ്പെട്ടത് മലപ്പുറത്താണെന്ന് പറഞ്ഞതെന്നും അവര്‍ വിശദീകരിക്കുന്നു.

മനോഹരമായ ചരിത്രമുള്ള നാടാണ് മലപ്പുറം. താന്‍ ഉദ്ദേശിച്ചത് മൃഗങ്ങളോടുള്ള ക്രൂരതയെക്കുറിച്ചാണെന്നും മനേക ഗാന്ധി പറഞ്ഞു. ഇതൊരു സാമുദായിക വിഷയമായി മാറ്റാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. യഥാര്‍ഥ പ്രശ്നം എല്ലാവരും മനസിലാക്കണമെന്നും മേനകാഗാന്ധി കത്തില്‍ പറഞ്ഞു.

‘ഇതിനെ ഒരു സാമുദായികവിഷയമായി മാറ്റാന്‍ ആഗ്രഹിച്ചിട്ടില്ല. ഞാനും ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ള ആളാണ്. ഉദ്ദേശിച്ച യഥാര്‍ഥപ്രശ്നം ഏവരും മനസ്സിലാക്കണം’ -അവര്‍ പറഞ്ഞു.

ആന കൊല്ലപ്പെട്ട സംഭവത്തില്‍ മേനകാഗാന്ധി മലപ്പുറത്തെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് പ്രതിഷേധ കത്ത് അയച്ചിരുന്നു. ഇതിന് മറുപടിയായാണ് മേനകാഗാന്ധിയുടെ കത്ത്. എന്നാല്‍ മലപ്പുറത്തെ അവഹേളിച്ചു കൊണ്ടുള്ള ട്വീറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് വീണ്ടും കത്തയച്ചിട്ടുണ്ട്.