സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ഒരു വർഷകാലത്തെ അവധി അനുവദിച്ചു. മുൻ കാല പ്രാബല്യത്തോടെ ജൂലൈ 7മുതലാണ് അവധി അനുവദിച്ചിരിക്കുന്നത്. പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം അവധിയ്ക്ക് അപേക്ഷിച്ചിരുന്നു.
നിലവിൽ, മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐടി സെക്രട്ടറി പദവിയിൽ നിന്നും മാറ്റിയത് മുതലുള്ള അവധിയാണ് സർക്കാർ ശിവശങ്കറിന് നൽകിയിരിക്കുന്നത്.
സ്വകാര്യ ആവശ്യത്തിന് അദ്ദേഹത്തിന് അവകാശമുള്ള അവധിയാണ് അനുവദിച്ചിരിക്കുന്നതെന്നാണ് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഇതനുസരിച്ച് സസ്പെൻഷൻ കാലയളവിലുള്ള ശമ്പളവും ശിവശങ്കറിന് ലഭിക്കും.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ആരോപണങ്ങളെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള റിവ്യൂ കമ്മിറ്റിയാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ആദ്യം മൂന്ന് മാസത്തേക്കും പിന്നീട് മൂന്ന് മാസംകൂടി ശിവശങ്കറിന്റെ സസ്പെൻഷൻ നീട്ടുകയായിരുന്നു. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മൂന്ന് തവണയാണ് ശിവശങ്കറിനെ എൻഐഎ ചോദ്യംചെയ്തത്.