ന്യൂഡൽഹി: കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ വകുപ്പുകളുടെ അധിക ചുമതല നല്കി .എൽജെപി നേതാവും കേന്ദ്രമന്ത്രിയുമായ റാം വിലാസ് പാസ്വാന്റെ വിയോഗത്തെ തുടർന്നാണ് വകുപ്പുകളുടെ ചുമതല പീയുഷ് ഗോയലിനെ ഏൽപ്പിച്ചത്. റെയിൽവേ, വാണിജ്യ-വ്യവസായ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് പീയുഷ് ഗോയൽ. ഈ വകുപ്പുകൾക്ക് പുറമേയാണ് അധിക ചുമതല.
രാംവിലാസ് പാസ്വാന്റെ മകനും എല്‍ജെപി അധ്യക്ഷനുമായ ചിരാഗ് പാസ്വാന് വൈകാതെ മന്ത്രിസഭയിലേക്കെത്തുമെന്നാണ് സൂചന. . ബിഹാറില്‍ ജെഡിയുവുമായിട്ട് എല്‍ജെപിക്ക് തര്‍ക്കമുണ്ടെങ്കിലും ബിജെപിയുമായുള്ള സഖ്യം തുടരുമെന്നും ചിരാഗ് പാസ്വാന് നേരത്തെ വ്യക്തമാക്കിയിരുന്നു.
വ്യാഴാഴ്ച വൈകിട്ടാണ് രാജ്യത്തെ പ്രമുഖ ദളിത് നേതാവും കേന്ദ്രമന്ത്രിയുമായ റാം വിലാസ് പാസ്വാൻ അന്തരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന അദ്ദേഹം ഡൽഹിയിലെ സ്വകാര്യ ആശുപത്രിൽ വച്ചാണ് മരിച്ചത്.
മൃതദേഹം ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിന് ശേഷം ഇന്ന് ജന്മനാടായ ബിഹാറിലേക്ക് കൊണ്ടുപോകും. അവിടെയാണ് സംസ്കാരം.