ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സ്വീകരിക്കും. പ്രധാനമന്ത്രിയെ ഡല്‍ഹി ഏരിയ ജനറല്‍ ഓഫിസർ കമാൻഡിങ് സല്യൂട്ടിങ് ബേസിലേക്ക് കൊണ്ടുപോകും. അവിടെ സംയുക്ത സേനാ വിഭാഗവും ഡല്‍ഹി പൊലീസ് ഗാർഡും ചേർന്നു പ്രധാനമന്ത്രിക്ക് സല്യൂട്ട് നല്‍കും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും. കരസേന, നാവികസേന, വ്യോമസേന, ഡല്‍ഹി പൊലീസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു ഓഫിസറും 24 പേരും വീതം അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിക്കുള്ള ഗാർഡ് ഓഫ് ഓണർ നല്‍കുന്നത്.

വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. 6000 പേർ പ്രത്യേക അതിഥികള്‍ നാളത്തെ ചടങ്ങില്‍ പങ്കെടുക്കും. യുവാക്കളും, വിദ്യാർഥികളും ഗോത്രവിഭാഗത്തില്‍പ്പെട്ടവരും, കർഷകരും, സ്ത്രീകളുമെല്ലാം പ്രത്യേക അതിഥികളായെത്തും. പാരിസ് ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചവർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.