രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷൻ 188 പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇരുവരേയും ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.
ഹത്റാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാ മധ്യേയാണ് രാഹുലിനേയും പ്രിയങ്കയേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിൽ രാഹുൽ ഉൾപ്പെടെയുള്ളവരെ പൊലീസ് തടഞ്ഞു. തുടർന്ന് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ രാഹുൽ ഗാന്ധി നിലത്തുവീണു. രാഹുലിനേയും സംഘത്തേയും ഒരു കാരണവശാലും ഹത്റാസിലേക്ക് കടത്തിവിടില്ലെന്ന് പൊലീസ് പറഞ്ഞു. ഒറ്റയ്ക്കായാലും ഹത്റാസിലേക്ക് പോകുമെന്നും ഏത് വകുപ്പ് ചുമത്തി പൊലീസ് കേസെടുക്കുമെന്ന് അറിയണമെന്നും രാഹുൽ പറഞ്ഞു.
അതേസമയം, ഹത്റാസ് പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് ഉത്തർപ്രദേശ് പൊലീസ് പറഞ്ഞു. ഇതിന് ഫോറൻസിക് തെളിവില്ല. പെൺകുട്ടിയുടെ ശരീരത്തിൽ ബീജത്തിന്റെ അംശം കണ്ടെത്താനായില്ല. മരണ കാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ്. ജാതി സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പൊലീസ് പറഞ്ഞു.