ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് 24 മണിക്കൂറിനിടെ 37 മരണം. ഇന്ന് 896 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയധികം കോവിഡ് മരണങ്ങളും കേസുകളും സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 206 ആയി. കോവിഡ് കേസുകളുടെ ആകെ എണ്ണം 6,761 ആയി ഉയർന്നു.
തമിഴ്നാട്ടിൽ 77 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 911 ആയി. കർണാടകയിൽ 10 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കർണാടകയിൽ രോഗബാധിതരുടെ എണ്ണം 207 ആയി ഉയർന്നു. ഇന്ന് ആറു പേർ രോഗം ബാധിച്ച് മരിച്ചു. എന്നാൽ 34 പേർ രോഗമുക്തി നേടി ആശുപത്രിവിടുകയും ചെയ്തു.
പഞ്ചാബിൽ 21 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 151 ആയി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 30 വരെ ലോക്ക്ഡൗൺ നീട്ടാൻ പഞ്ചാബ് തീരുമാനിച്ചു. ലോക്ക് ഡൗൺ കാലാവധി നീട്ടുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. നേരത്തെ ഒഡീഷയും ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചിരുന്നു.