- മൊയ്തീന്‍ പുത്തന്‍ചിറ
അമേരിക്കന്‍ മലയാളി സംഘടനകളുടെ ദേശീയ സംഘടന എന്നറിയപ്പെടുന്ന ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) ഇപ്പോള്‍ ലക്ഷ്യബോധം നഷ്ടപ്പെട്ട് പായുന്ന കുതിരയെപ്പോലെയായിരിക്കുകയാണ്. കുതിരയുടെ കടിഞ്ഞാണ്‍ പലരുടേയും കൈയ്യിലായതുകൊണ്ട് ആര് നിയന്ത്രിച്ചിട്ടും പ്രയോജനമൊന്നുമില്ല. ഈ അവസ്ഥയില്‍ ഫൊക്കാനയെ കൊണ്ടെത്തിച്ചത് അല്ലെങ്കില്‍ ആ അവസ്ഥയിലേക്ക് ഈ സംഘടനയെ നയിച്ചത് അതിന്റെ നേതൃത്വ സ്ഥാനത്ത് കടിച്ചു തൂങ്ങിക്കിടന്നവരും കടിവിടാതെ ഇപ്പോഴും തൂങ്ങിക്കിടക്കുന്നവരുമാണെന്ന് പറയാതിരിക്കാന്‍ വയ്യ.
കോവിഡ്-19 എന്ന മഹാമാരി ലോകത്തെ തന്നെ തലകീഴായി മറിച്ചു. അമേരിക്ക മാത്രമല്ല, ലോകമൊട്ടാകെ സമൂഹത്തിന്‍റെ താഴെ തട്ടിലുള്ള, ദിവസേന സ്വന്തം ഉപജീവനത്തിനായി ജോലി ചെയ്യേണ്ടി വരുന്ന ജനസമൂഹത്തിന് ഒരു മഹാദുരന്തമാണ് ഈ കോവിഡ് വരുത്തിവെച്ചത്. തൊഴില്‍ മാത്രമല്ല കിടപ്പാടം പോലും ഇല്ലാതായവര്‍ നിരവധി. നമ്മൾ എങ്ങനെ പരസ്പരം പെരുമാറണം, എങ്ങനെ ജീവിക്കണം, എങ്ങനെ സംവദിക്കണം, എങ്ങനെ പ്രവർത്തിക്കണം, എങ്ങനെ ആശയ വിനിമയം നടത്തണം, എങ്ങനെ സഞ്ചരിക്കണം എന്നൊക്കെയുള്ള പാഠങ്ങള്‍ കോവിഡ്-19 നമ്മെ പഠിപ്പിച്ചു. കോവിഡ് നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളേയും ബാധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും വരുംകാലങ്ങളിലും എടുക്കുന്ന തീരുമാനങ്ങൾ തലമുറകള്‍ക്കുവേണ്ടി എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ടവ ആയിരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആരാധനാലയങ്ങളും, മാര്‍ക്കറ്റുകളും കടകമ്പോളങ്ങളുമെല്ലാം ഇപ്പോഴും അടഞ്ഞു കിടക്കുന്നു. തൊഴില്‍ മേഖലയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു. ഏതു ദുരന്തവും നമ്മെ ചില സത്യങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ടാകും. അത്തരം ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് ലോകം കടന്നുപോകുന്നത്. എന്നാല്‍, ഫൊക്കാന എന്ന സംഘടനയെ നയിക്കുന്നവരെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമേ അല്ല എന്ന രീതിയിലാണ് ഈ കോവിഡ് കാലത്ത് അവര്‍ ചെയ്തുകൂട്ടുന്ന പ്രവര്‍ത്തികള്‍ കാണുമ്പോള്‍ തോന്നുന്നത്. പരസ്പരം പഴിചാരി പ്രസ്താവനകളിറക്കുന്നത് മലര്‍ന്നു കിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന് അവര്‍ അറിയുന്നില്ല. പൊതുജനങ്ങളെ കഴുതകളാക്കുന്ന പ്രസ്താവനകളിറക്കി സ്വയം അവഹേളിതരാകുന്ന ഈ നേതാക്കളെ ഇനിയും ജനങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനിയൊരിക്കലും തിരിച്ചറിയാന്‍ സാധിച്ചെന്നു വരില്ല.
ഫൊക്കാന എന്ന സംഘടന ഒരു പൊതുസ്വത്താണ്. അതായത് നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ, അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രാദേശിക സംഘടനകളാണ് ഫൊക്കാനയുടെ ഉടമസ്ഥര്‍. ആ ഉടമസ്ഥരുടെ കാര്യസ്ഥരാണ് അതിന്റെ ഭാരവാഹികള്‍. ഫൊക്കാനയുടെ ദൈനംദിന കാര്യങ്ങള്‍ ഉടമസ്ഥര്‍ക്കും തൃപ്തിവരാവുന്ന രീതിയിലായിരിക്കണം കാര്യസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടത്. കഴിവു കെട്ട കാര്യസ്ഥരാണെങ്കില്‍ അവരെ പുറത്താക്കാനുള്ള അവകാശവും അധികാരവും ഉടമസ്ഥര്‍ക്ക് മാത്രമാണ്.
ഫൊക്കാന നല്ല അച്ചടക്കവും കെട്ടുറപ്പും സുതാര്യ പ്രവര്‍ത്തനവും കാഴ്ച വെച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു എന്ന് ഭൂരിഭാഗം അമേരിക്കന്‍ മലയാളികള്‍ക്കും അറിയാം. പക്ഷെ, സ്വാര്‍ത്ഥമോഹികളും നിക്ഷിപ്ത തല്പരരുമായ ചിലരുടെ കുതന്ത്രങ്ങളാണ് ഈ സംഘടനയില്‍ പിളര്‍പ്പുണ്ടാക്കിയത്. 2006-ല്‍ നടന്ന ആ പിളര്‍പ്പ് ഫൊക്കാനയുടെ നട്ടെല്ല് തകര്‍ത്തെന്നു മാത്രമല്ല ആ സംഘടനയെ സ്നേഹിക്കുന്ന/സ്നേഹിച്ചിരുന്ന മലയാളികളുടെ മുഖത്ത് കിട്ടിയ പ്രഹരവുമായിരുന്നു. അന്നത്തെ ആ തിരഞ്ഞെടുപ്പില്‍ നടന്ന സംഭവ പരമ്പരകള്‍ അവസാനം കോടതിയിലെത്തി. ഫൊക്കാനയുടെ ആദ്യ പിളര്‍പ്പിന് ആ കേസ് ഹേതുവായി.
ഈ പിളര്‍പ്പിനു ശേഷം ഫൊക്കാനയുടെ പേരിനും പ്രശസ്തിക്കും മങ്ങലേറ്റു. അത് തിരിച്ചു പിടിക്കാന്‍ ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകള്‍ അശ്രാന്തം പരിശ്രമിച്ചു. വര്‍ഷങ്ങള്‍ കഴിയവെ, ഒരു പരിധി വരെ അവര്‍ വിജയിക്കുകയും ചെയ്തു. പക്ഷെ, 2006-ല്‍ സംഘടനയില്‍ ‘കുത്തിത്തിരുപ്പ്’ ഉണ്ടാക്കിയവര്‍ കൂടെയുണ്ടെന്നും, അവര്‍ തന്ത്രങ്ങള്‍ മെനയുന്നുണ്ടെന്നും അവര്‍ അറിഞ്ഞില്ല. നിര്‍ഭാഗ്യവശാല്‍ അവര്‍ അറിഞ്ഞോ അറിയാതെയോ കുത്തിത്തിരുപ്പുകാരുടെ പ്രലോഭനങ്ങളില്‍ ആകൃഷ്ടരാകുകയും ആ കുത്തിത്തിരുപ്പുകാരുടെ ഏറാന്‍ മൂളികളാകുകയും ചെയ്തു. ഇപ്പോള്‍ ഫൊക്കാനയില്‍ വീണ്ടും പിളര്പ്പുണ്ടാക്കിയിരിക്കുകയാ
ഫൊക്കാനയുടെ ദൗത്യവും ദര്‍ശനവും മറന്നുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. 2006-ലെ കോടതി വ്യവഹാരം ഫൊക്കാനയുടെ പേരും പ്രശസ്തിയും മാത്രമല്ല നഷ്ടമാക്കിയത്, അതിന്റെ സ്വത്വവും നഷ്ടമാക്കി. പൂര്‍വികരാല്‍ കൈമാറപ്പെട്ട ഒരു സംസ്കാരവും സ്വത്വവും ഈ സംഘടനയ്ക്കുണ്ടെന്നും, അത് തങ്ങളിലൂടെ അടുത്ത തലമുറയിലേക്കും കൈമാറപ്പെടേണ്ടതുണ്ടെന്നും ഇപ്പോഴത്തെ നേതാക്കള്‍ ചിന്തിച്ചിരുന്നെങ്കില്‍ ഈ കുതികാല്‍ വെട്ടും, പാര വെയ്പും, അധികാര ഭ്രമവും ഉണ്ടാകുകയില്ലായിരുന്നു. അടിച്ചമര്‍ത്തലും പാര്‍ശ്വവല്‍ക്കരിക്കപ്പെടലും ഒരു വിഭാഗം ആളുകളെ സംബന്ധിച്ചേടത്തോളം ഗുണകരമായ മാറ്റങ്ങള്‍ക്ക് ഇന്ധനം പകരുവാന്‍ സഹായിക്കുമെങ്കിലും, മറ്റവസരങ്ങളില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമൂഹത്തില്‍ വേര്‍തിരിവുകള്‍ സൃഷ്ടിക്കാന്‍ ഇടയാക്കുകയും ചെയ്യും. പ്രാദേശിക മലയാളി സംഘടനകളില്‍ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്നത് ഫൊക്കാനയിലെ ചില നേതാക്കളുടെ സ്ഥിരം പരിപാടിയാണെന്ന് അറിയാത്തവര്‍ ആരുണ്ട് അമേരിക്കയില്‍?
ഏതൊരു സംഘടനയാലും വ്യക്തമായ ഉദ്ദേശ്യത്തിനായാണ് നിലകൊള്ളുന്നത്. സംഘടനകളും അതിന്റെ നേതാക്കളും അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ലക്ഷ്യബോധം നിലനിര്‍ത്തുന്നു, സംഘടനയുടെ ഉദ്ദേശ്യം ജനങ്ങളിലെത്തിക്കുന്നു. ഫൊക്കാനയില്‍ മാത്രമല്ല, രാഷ്‌ട്രീയമില്ലാതെ, ലാഭേഛയില്ലാതെ (Non political Not for Profit Organization) പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് സത്യവാങ്മൂലം നല്‍കി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലും ഇന്റേണല്‍ റവന്യൂ സര്‍വ്വീസിലും (ഐ ആര്‍ എസ്) രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നത് വൊളണ്ടിയര്‍മാര്‍ അഥവാ സന്നദ്ധ സേവകരാണ്. അതായത് യാതൊരു കാരണവശാലും പ്രതിഫലം പറ്റുകയോ രാഷ്ട്രീയത്തില്‍ ഇടപെടുകയോ ചെയ്യുകയില്ല എന്ന് സര്‍ക്കാരിനെ ബോധിപ്പിച്ച് പ്രവര്‍ത്തിക്കുന്നവര്‍. എന്നാല്‍, ഫൊക്കാനയില്‍ സ്ഥാനമോഹം മാത്രമല്ല ധനമോഹവും ഒരു ഘടകം തന്നെയാണ്. കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവയിലെ നേതാക്കള്‍ക്കും ചൂട്ടു കത്തിക്കുന്നവരാണ് ഈ സംഘടനയിലെ മിക്ക നേതാക്കളും. ഇപ്പോള്‍ ആസന്നമായിരിക്കുന്ന പ്രശ്നം സ്ഥാനമോഹവും അതുവഴിയുള്ള ധനലാഭവുമാണെന്ന് ഓരോ നേതാക്കളുടേയും പത്രപ്രസ്താവനകളില്‍ വ്യക്തവുമാണ്.
ഫൊക്കാനയില്‍ ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും നടത്തുന്ന തിരഞ്ഞെടുപ്പിന്റെ കോലാഹലങ്ങള്‍ കണ്ടാല്‍ അത്ഭുതപ്പെടുന്നവരേയും, സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഇത്ര ആവേശമോ എന്നു ചോദിക്കുന്നവരേയും കുറ്റം പറയാന്‍ കഴിയില്ല. പുതിയ ഭരണ സമിതി അധികാരമേറ്റ് ആദ്യത്തെ വര്‍ഷം ആഘോഷങ്ങളുടേയും വാഗ്ദാനങ്ങളുടേയും പെരുമഴക്കാലമായിരിക്കും. അമേരിക്കയിലും നാട്ടിലുമായി കണ്‍വന്‍ഷനുകളും മീറ്റിംഗുകളും മുഖാമുഖം പരിപാടികളിലും നേതാക്കള്‍ വിളങ്ങിവിലസുന്ന കാലം. പക്ഷെ അതെല്ലാം അവരുടെ തന്ത്രമാണെന്ന് രണ്ടാമത്തെ വര്‍ഷം മുതല്‍ മനസ്സിലാകും. കാരണം, അടുത്ത തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളും വിലപേശലുകളും നടക്കുന്ന കാലമാണത്. അതായത് ഒരുതരം പ്രജനകാലം. അടുത്ത പ്രസിഡന്റ് ആരാകണം, ആരെ ആക്കണം, ആര് ട്രഷറര്‍ ആകണം ആരെ ഒതുക്കണം, ആരെ വളര്‍ത്തണം എന്നൊക്കെയുള്ള ചര്‍ച്ചകളുടെ കാലമാണത്. ‘കമഴ്ന്നു വീണാൽ കാൽപണം കൊണ്ടേ മലയാളി പൊങ്ങി വരൂ’ എന്നൊരു ചൊല്ലുണ്ട്. അതില്‍ മലയാളിക്ക് അസാധ്യ കഴിവാണ്, ഓരോരുത്തരിലും വ്യത്യസ്തമാണെന്നു മാത്രം. അതായത് ഒരു ചെറിയ സ്റ്റാർട്ടിംഗ് ട്രബിൾ. അതിനു ശേഷം ടോപ്പ് ഗിയറിൽ പോകാൻ മലയാളിക്ക് ഒരു പ്രത്യേക കഴിവാണ്. ഫൊക്കാനയിലും തഥൈവ. അതേക്കുറിച്ച് പിന്നീട് വിവരിക്കാം.
വ്യക്തമായ കാഴ്ചപ്പാടില്ലാത്ത നേതാക്കൾ പരാജയപ്പെടും. അത്തരം നേതാക്കൾക്ക് പ്രവര്‍ത്തകരെ പ്രചോദിപ്പിക്കാനോ പ്രകടനത്തെ പ്രചോദിപ്പിക്കാനോ സുസ്ഥിര മൂല്യം സൃഷ്ടിക്കാനോ കഴിയില്ല. മോശം കാഴ്ചപ്പാട്, സംഘടനയില്‍ തന്നെ തുരങ്കം വെക്കല്‍, ചഞ്ചലമായ കാഴ്ച, അല്ലെങ്കിൽ നിലവിലില്ലാത്ത കാഴ്ച എന്നിവ നേതാക്കളെ പരാജയപ്പെടുത്താൻ കാരണമാകും. വ്യക്തവും കൈവരിക്കാവുന്നതുമായ ലക്ഷ്യത്തിലേക്ക് സംഘടനയെ നയിക്കുക എന്നതാണ് സത്യസന്ധനായ ഒരു നേതാവിന്റെ ഉത്തരവാദിത്വം. അല്ലെങ്കില്‍ അന്ധർ അന്ധരെ നയിക്കുന്നതു പോലെയിരിക്കും. ഫൊക്കാനയെ സംബന്ധിച്ചിടത്തോളം, അതാണ് അവസ്ഥ.
ഇത്തരുണത്തില്‍ ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനായ സുധാ കര്‍ത്തയുടെ ഒരു പത്രപ്രസ്താവനയിലെ ഒരു ഖണ്ഡിക ഇവിടെ കടമെടുക്കുന്നു:
“ഫൊക്കാനക്ക് അണുനാശിനി പ്രയോഗം അനിവാര്യം: കൊറോണ വൈറസ് ലോകത്തെ ബാധിച്ചത് ഈ വര്‍ഷം തുടക്കത്തിലാണെങ്കിലും, ഭിന്നിപ്പിന്റെയും സ്വജനപക്ഷപാതത്തിന്റെയും വൈറസ് ഫൊക്കാനയെ ബാധിച്ചിട്ട് അഞ്ചാറ് വര്‍ഷത്തിലേറെയായി. സ്വാര്‍ത്ഥതയും ഭിന്നാഭിപ്രായ ഉന്മൂലനവും പരിലാളിക്കുന്ന ശക്തമായ ഗ്രൂപ്പ് പ്രവര്‍ത്തനം ഫൊക്കാനയുടെ ശക്തിയും പ്രഭാവവും ദിനംപ്രതി ശോഷിപ്പിക്കുന്നു,” സുധാ കര്‍ത്ത
കൈയ്യില്‍ പണമുണ്ടെങ്കില്‍ ആര്‍ക്കും ഫൊക്കാനയുടെ നേതൃസ്ഥാനത്ത് എത്താമെന്ന അവസ്ഥ ഉണ്ടാക്കിയത് മേല്പറഞ്ഞ നേതാക്കളാണ്. ഒരു സംഘടന സംഭാവന ചെയ്യുന്ന സാംസ്ക്കാരിക മൂല്യങ്ങൾ എങ്ങനെ ഉൾക്കൊള്ളാമെന്ന് മാതൃക കാണിക്കേണ്ടത് അതിന്റെ തലപ്പത്തിരിക്കുന്ന നേതാക്കളാണ്. സംഘടനയുടെ ദൗത്യം, ലക്ഷ്യങ്ങൾ, പ്രധാന മൂല്യങ്ങൾ എന്നിവയില്‍ ആശയവിനിമയം നടത്തേണ്ടതും ഒരു നേതാവിന്റെ കടമയാണ്. സംഘടനയിലൂടെ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്ന സംസ്കാരം നിർവചിക്കുന്നതിനും പഠിപ്പിക്കുന്നതിനും അളക്കുന്നതിനും പ്രതിഫലം നൽകുന്നതിനും നേതാക്കൾ ഉത്തരവാദികളാണ്. 1983-ല്‍ സ്ഥാപിതമായി എന്നു പറയുന്ന ഫൊക്കാന എന്ത് സംസ്ക്കാരമാണ് അമേരിക്കന്‍ മലയാളികള്‍ക്കായി, പ്രത്യേകിച്ച് യുവജനങ്ങള്‍ക്കായി കാഴ്ച വെച്ചിരിക്കുന്നതെന്ന് അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്.
(തുടരും….)