തിരുവനന്തപുരം: വയറിലുണ്ടായിരുന്ന മുഴ നീക്കുന്നതിന് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ വിദഗ്ധ സമിതി രൂപീകരിച്ച്‌ സത്യസന്ധമായി അനേ്വഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കെമിക്കല്‍ എക്‌സാമിനേഷന്‍ റിപ്പോര്‍ട്ടും അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും എത്രയും വേഗം ലഭ്യമാക്കാന്‍ അനേ്വഷണ ഉദേ്യാഗസ്ഥന്‍ നടപടിയെടുക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കിയ ശേഷം കഴക്കൂട്ടം സൈബര്‍ സിറ്റി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അനേ്വഷണം സത്യസന്ധമായും നിഷ്പക്ഷമായും പൂര്‍ത്തിയാക്കി നിയമപരമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് കമ്മീഷന്‍ കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

മുരുക്കുമ്ബുഴ ചിറക്കോണം തിരുവാതിരയില്‍ രജനീഷ് ബി. നാഥിന്റെ ഭാര്യ അഷിത എന്‍. വിജയനാണ് (27) 2020 ജനുവരി 3 ന് മരിച്ചത്. ഉള്ളൂരിലെ സ്വകാര്യ ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിലുള്ള പിഴവ് കാരണമാണ് അഷിത മരിച്ചതെന്ന് പരാതിയില്‍ പറയുന്നു.