ന്യൂഡല്‍ഹി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരങ്ങളിലൊരാളാണ് ബൈചുങ് ബൂട്ടിയ. ദേശീയ ടീമിന്റെ നായകനായി രാജ്യത്ത് ഫുട്ബോളിന്റെ വളര്‍ച്ചയിലും പ്രധാന പങ്ക് വഹിച്ച താരം കഴിഞ്ഞ ദിവസം ഒരു പ്രവചനം നടത്തി. ഒരു മലയാളി താരത്തെക്കുറിച്ചായിരുന്നു ആ പ്രവചനം, മറ്റാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട സഹല്‍ അബ്ദുള്‍ സമദ്. ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രിക്ക് ശേഷം ദേശീയ ടീമിനായി ഏറ്റവുമധികം ഗോള്‍ നേടാന്‍ പോകുന്ന താരം കേരള ബ്ലാസ്റ്റേഴ്സിന്റെ സഹലായിരിക്കുമെന്നാണ് ബൂട്ടിയ പറയുന്നത്.
2019 കിങ്സ് കപ്പില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച സഹല്‍ ഇതിനോടകം തന്നെ ഇന്ത്യന്‍ പരിശീലകന് ഇഗോര്‍ സ്റ്റിമാച്ചിന്റെയും നായകന് ഛേത്രിയുടെയുമെല്ലാം ഉള്‍പ്പടെ പല മുതിര്‍ന്ന താരങ്ങളുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. സഹലിന്റെ ഡ്രിബിളിങ് മികവും മികച്ച പാസുകളും ഐഎസ്എല്‍ അടക്കമുള്ള വേദികളിലും കാണികള്‍ അത്ഭുതത്തോടെ കണ്ടിരുന്നതാണ്.
“സ്കോറിങ്ങിന്റെ കാര്യത്തിലേക്ക് വന്നാല്‍ അതിന് ഏറ്റവും ഫിറ്റ് സഹലാണ്. ഒരു അറ്റാക്കിങ് മിഡ്ഫീല്‍ഡറായി മികച്ച പ്രകടനമാണ് സഹലിന്റേത്. അദ്ദേഹത്തിന് സ്കോര്‍ ചെയ്യുമെന്നുള്ള ആത്മവിശ്വാസവും കൂടുതല്‍ ഷോട്ടുകള്‍ കണ്ടെത്തുകയുമാണ് വേണ്ടത്,” ഇന്ത്യന്‍ സൂപ്പര്‍ ലീഗുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ ബൂട്ടിയ പറഞ്ഞു.
2016-2017 സന്തോഷ് ട്രോഫിയിലൂടെയാണ് സഹലിന് ദേശീയ ശ്രദ്ധ ലഭിച്ച് തുടങ്ങുന്നത്. അടുത്ത സീസണില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് താരത്തെ റാഞ്ചുകയും ചെയ്തു. ആദ്യ സീസണില്‍ തന്നെ ഐഎസ്എല്ലില്‍ എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ട താരം 2018-2019 സീസണില്‍ എഐഎഫ്എഫ് എമേര്‍ജിങ് പ്ലെയറായും ആദരിക്കപ്പെട്ടു.
ഒരിക്കല്‍ അദ്ദേഹം സ്കോര്‍ ചെയ്ത് തുടങ്ങിയാല്‍ മികച്ച ഒരു ഫിനിഷറാകാന് സഹലിനാകും. സുനില്‍ ഛേത്രിയുടെ സ്ഥാനത്തേക്ക് വൈകാതെ തന്നെ സഹലുമെത്തും. സഹല്‍ ഇന്ത്യയുടെ ഭാവി താരമാണെന്നും ബൂട്ടിയ പറഞ്ഞു. സുനില്‍ ഛേത്രി വിരമിച്ച ശേഷം ഇന്ത്യന്‍ നായകനാകാന്‍ സാധ്യതയുള്ള രണ്ട് താരങ്ങളെയും ബൂട്ടിയ തിരഞ്ഞെടുത്തു. ഒന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രിയപ്പെട്ട താരമായിരുന്ന സന്ദേശ് ജിങ്കനും രണ്ട് സ്റ്റാര്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ്ങും. ഇരുവരും ഛേത്രിയുടെ അഭാവത്തില്‍ ടീമിനെ നയിച്ച് പരിചയമുള്ളവരുമാണ്.