കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. സന്ദീപ് നായരുടെ രഹസ്യമൊഴിയും കോടതി പരിശോധിക്കും. ഏഴാം പ്രതി മുഹമ്മദ് ഷാഫിയടക്കമുള്ളവരുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയും. യുഎപിഎ ചുമത്തപ്പെട്ട പ്രതികള്‍ക്കു 180 ദിവസം റിമാന്‍ഡ് കാലാവധി തീരും മുന്‍പു ജാമ്യം ലഭിച്ചാല്‍ എന്‍ഐഎക്കു തിരിച്ചടിയാകും.
ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഐഎക്കു വേണ്ടി അസി.സോളിസിറ്റര്‍ ജനറല്‍ ഉന്നയിച്ച വാദങ്ങളും അന്വേഷണ സംഘം കൈമാറിയ കേസ് ഡയറിയും പരിശോധിച്ച ശേഷവും ഭീകരബന്ധത്തിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഈ വാദങ്ങള്ക്കിടയിലാണു നാലാം പ്രതി സന്ദീപ് നായര്‍ രണ്ടു ദിവസങ്ങളിലായി ആലുവ മജിസ്ട്രേട്ട് കോടതിയില്‍ കുറ്റസമ്മത മൊഴി നല്‍കിയത്. ഇത് അന്വേഷണസംഘം ഇന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിക്കും. തെളിവു നിയമ പ്രകാരമുള്ള ഈ രഹസ്യമൊഴി നിര്‍ണായകം.തന്റെ മൊഴികളുടെ പകര്‍പ്പ് ആവശ്യപ്പെട്ടു സ്വപ്ന സുരേഷ് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഏറെ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള മൊഴിയാണു സ്വപ്ന കസ്റ്റംസിനു നല്‍കിയതെന്ന സൂചന പുറത്തുവന്നിട്ടുമുണ്ട്.