ഉത്തർപ്രദേശിലെ ഹത്‌റാസിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ
കുടുംബത്തിന്റെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിലേക്കുള്ള യാത്ര നാളെ രാവിലത്തേക്ക് മാറ്റി. ഇന്ന് നിശ്ചയിച്ചിരുന്ന യാത്ര അധികൃതർ വൈകിപ്പിച്ചെന്ന് കുടുംബം ആരോപിച്ചു. രാവിലെ പത്ത് മണിക്കായിരുന്നു യാത്ര തീരുമാനിച്ചിരുന്നത്. എന്നാൽ ജില്ലാ ഭരണകൂടം അത് രണ്ട് മണിക്ക് ആക്കുകയായിരുന്നു. എന്നാൽ വൈകിയതിനാൽ യാത്രക്കിറങ്ങാൻ ആകില്ലെന്നും രാത്രി യാത്രയ്ക്ക് ഭയമാണെന്നും കുടുംബം വ്യക്തമാക്കി. സംഭവത്തിൽ സ്വമേധയാ എടുത്ത കേസാണ് ബെഞ്ച് നാളെ പരിഗണിക്കുന്നത്.

അതേസമയം ഹാത്‌റസ് സംഭവത്തിൽ മുഖ്യപ്രതിയെ മാത്രം ഉൾപ്പെടുത്തി സിബിഐ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സെപ്റ്റംബർ 14ന് മുഖ്യപ്രതി പെൺകുട്ടിയുടെ കഴുത്ത് ഞെരിക്കാൻ ശ്രമിച്ചെന്ന സഹോദരന്റെ പരാതിയിൽ അന്വേഷണം തുടങ്ങിയതായി വാർത്താക്കുറിപ്പിൽ സിബിഐ അറിയിച്ചു. തുടക്കം മുതൽ സമഗ്രമായി അന്വേഷിക്കാനാണ് സിബിഐയുടെ തീരുമാനം. ഫോറൻസിക് വിദഗ്ധരെ അടക്കം ഉൾപ്പെടുത്തി ഹാത്‌റസിൽ തെളിവെടുപ്പ് നടത്തും.

സംഭവത്തിൽ സ്വമേധയാ എടുത്ത കേസാണ് ലഖ്‌നൗ ബെഞ്ച് നാളെ പരിഗണിക്കുന്നത്. അതേസമയം കുടുംബത്തെ കാണാനുള്ള ശ്രമം ഉത്തർപ്രദേശ് സർക്കാർ തടഞ്ഞുവെന്ന് ഇടത് എംപിമാർ ആരോപിച്ചു.