കൊച്ചി∙ അങ്കമാലിയില്‍ അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ച നവജാതശിശുവിന്റെ നില അതീവഗുരുതരമെന്ന് ഡോക്ടര്‍മാര്‍. കുട്ടി പൂര്‍ണ അബോധാവസ്ഥയിലാണെന്നു കുട്ടി ചികില്‍സയിലുള്ള കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ഡോ. സോജന്‍ ഐപ്പ് അറിയിച്ചു. തലച്ചോറില്‍ ചതവും രക്തസ്രാവവുമുണ്ട്.
തലയോട്ടിയിലും രക്തസ്രാവമുണ്ട്. കുട്ടി കട്ടിലില്‍നിന്ന് വീണെന്നാണ് ആദ്യം പറഞ്ഞത്. പരുക്കിന്‍റെ ലക്ഷണം കണ്ടപ്പോള്‍ സംശയം തോന്നിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് പൊലീസില്‍ അറിയിച്ചത്. പെണ്‍കുഞ്ഞിനെ ശല്യമായി കണ്ട കണ്ണൂര്‍ ചാത്തനാട്ട് സ്വദേശിയായ ഷൈജു തോമസ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് കുഞ്ഞിനെ അതിക്രൂരമായി ഉപദ്രവിച്ചത്.
54 ദിവസം പ്രായമുള്ള കുഞ്ഞിനെ തലക്കടിച്ചും കട്ടിലിലേക്ക് എറിഞ്ഞുമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പിന്നാലെ സമീപവാസിയായ ഓട്ടോ ഡ്രൈവറെ വീട്ടിലെത്തി വിളിച്ചുണര്‍ത്തി.കുട്ടിക്ക് ഛര്‍ദിയാണെന്നും, ശ്വാസം കിട്ടുന്നില്ലെന്നും ഉടന്‍ ആശുപത്രിയിലെത്തിക്കണമെന്നുമായിരുന്നു ആവശ്യം. ഓട്ടോയില്‍ കയറ്റുമ്ബോള്‍ കുട്ടി കരയുന്നുണ്ടായിരുന്നില്ല. മുന്‍പും രാത്രിയില്‍ കുഞ്ഞ് കരഞ്ഞപ്പോഴെല്ലാം ഷൈജു ഉപദ്രവിച്ചിരുന്നുവെന്നാണ് വിവരം. ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാന്‍ഡിലാണ്.