അടിമാലി ടൗണിൽ മധ്യവയസ്‌ക്കനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയത്തിൽ പൊലീസ്. അടിമാലി ടൗണിൽ താമസിച്ചിരുന്ന കൊച്ചുപാറക്കൽ മാത്യുവിന്റെ മൃതദേഹമായിരുന്നു ഹിൽഫോർട്ട് ജംഗ്ഷന് സമീപമുള്ള കെട്ടിടത്തിന്റെ ഒന്നാംനിലയിൽ കാണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച മാത്യുവിന്റെ സുഹൃത്തുക്കളെ ഉൾപ്പെടെ ചോദ്യം ചെയ്തു വരികയാണെന്ന് അടിമാലി സി.ഐ അനിൽ ജോർജ്ജ് പറഞ്ഞു.

ശനിയാഴ്ച്ച രാവിലെ 9 മണിയോടെയായിരുന്നു അടിമാലി ടൗണിൽ ഹിൽഫോർട്ട് ജംഗ്ഷന് സമീപമുള്ള കെട്ടിടത്തിന്റെ ഒന്നാംനിലയിൽ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടത്. സമീപത്തെ വ്യാപാര സ്ഥാപനം തുറക്കാൻ എത്തിയ ആൾ മൃതദേഹം കാണുകയും വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയതിലൂടെ മൃതദേഹം മാത്യുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിന് പിന്നിൽ കൊലപാതകമാണെന്ന ചില സൂചനകൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.

ഫോറൻസിക് വിദഗ്തരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിൽ കാണാൻ കഴിയാത്ത വിധം കെട്ടിടത്തിന്റെ വരാന്ത അവസാനിക്കുന്നിടത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്തിനരികെ രക്തം തളംകെട്ടി കിടന്നിരുന്നതായും ഇവിടെ നിന്നും ഒരു സിമന്റിഷ്ടികയുടെ ഭാഗം കണ്ടെടുത്തതായും പൊലീസ് പറയുന്നു. മാത്യുവിന്റെ സുഹൃത്തുകളിൽ ചിലർ സംശയത്തിന്റെ നിഴലിലാണ്.