മനാമ: കൊറോണ വ്യാപനം സംബന്ധിച്ച് അടുത്ത രണ്ടാഴ്ച്ച അതിനിര്ണായകമായിരിക്കുമെന്ന് ഗവണ്മെന്റ് എക്സിക്യൂട്ടീവ് കമ്മറ്റി യോഗം വിലയിരുത്തി . ബഹ്റൈന്‍ കിരീടവകാശിയും ഉപപ്രധാനമന്ത്രിയുമായി പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യം നിരീക്ഷിച്ചിരിക്കുന്നത്. നേരത്തെ ആശൂറ അവധി ദിനങ്ങള്‍ക്ക് ശേഷം കൊറോണ വ്യാപനം രൂക്ഷമായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇക്കാരണത്താല്‍ സ്കൂളുകള്‍ തുറക്കുന്നതിനും റസ്റ്റോറന്റുകളുടെ അകത്ത് ഭക്ഷണം വിളമ്പുന്നതിനും അനുമതി നല്‍കുന്നത് താത്കാലികമായി നീട്ടി വച്ചിരുന്നു . റസ്റ്റോറന്റുകളിലും കഫേകളിലും അകത്ത് ഭക്ഷണം നല്‍കുന്നത് ഒരുമാസത്തേക്കാണ് നീട്ടിവെച്ചിരിക്കുന്നത്.
സര്‍ക്കാര്‍ സ്കൂളുകള്‍ തുറക്കുന്നതും രണ്ടാഴ്ച്ചത്തേക്ക് നീട്ടിവെച്ചിട്ടുണ്ട്. ഒക്ടോബര്‍ 11 മുതലാണ് ക്ലാസ് തുടങ്ങുക. ഒക്ടോബര്‍ നാലിന് അധ്യാപകരും മറ്റ് ജീവനക്കാരും സ്കൂളിലെത്തണം.പൊതുജനങ്ങള്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ഗവണ്മെന്റ് എക്സിക്യൂട്ടീവ് കമ്മറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ച്ചയും പാടില്ലെന്നും യോഗം ഓര്‍മ്മപ്പെടുത്തി.