ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ വിമാനം കറാച്ചിക്കടുത്തു തകർന്നു. ലഹോറിൽനിന്നു കറാച്ചിയിലേക്കു വരികയായിരുന്ന വിമാനം ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപമാണു തകർന്നതെന്നു പാക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു. എയർബസ് പികെ–303 വിമാനമാണു ലാൻഡിങ്ങിനു തൊട്ടുമുൻപായി ജനവാസ കേന്ദ്രമായ ജിന്ന ഗാർഡൻ പ്രദേശത്തു തകർന്നു വീണത്. അപകടമാണോ അതോ അട്ടിമറിയാണോ എന്നതു വ്യക്തമല്ല. ഇതു സംബന്ധിച്ച പാക് സൈന്യം പ്രതികരിച്ചിട്ടില്ല.
ലാൻഡിങ്ങിന് ഏതാനും മിനിറ്റുകൾക്കു മുൻപായി വിമാനവുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിരുന്നു. 91 യാത്രാക്കാരും വിമാന ജീവനക്കാരും ഉൾപ്പെടെ 98 പേരാണ് ഉണ്ടായിരുന്നതെന്നാണു ലഭിക്കുന്ന വിവരം. അപകട സ്ഥലത്തു പാക്കിസ്ഥാൻ സേനയുടെ ദ്രുത പ്രതികരണ സേനയും പാക്കിസ്ഥാൻ റേഞ്ചേഴ്സ് സിന്ധ് ട്രൂപ്പും എത്തിയിട്ടുണ്ട്. നിരവധി വീടുകൾക്കു കേടുപാടുണ്ടായതായാണു റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുന്നു.